തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിക്ക് തുടക്കം കുറിച്ച് നിറമാല വിളക്ക് തെളിഞ്ഞു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ തിരി തെളിച്ചു. കൊച്ചിൻ ദേവസ്വം ബോർഡംഗം എം.ജി നാരായണൻ നടപ്പന്തലിലും നടപ്പുരയിലുമായി നിരത്തിവച്ച നിലവിളക്കുകളിലേക്ക് ദീപപ്രഭ പകർത്തി. ദേവസ്വം ജീവനക്കാരുടേതായിരുന്നു ആദ്യ നിറമാല.
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ, ദേവസ്വം അസി. കമ്മിഷണർ വി.എൻ സ്വപ്ന, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ജെ സുമന ടീച്ചർ, ടെമ്പിൾ ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ജി നായർ, സനാതന ധർമ്മപാഠശാല പ്രസിഡന്റ് സുലോചന ശക്തിധരപ്പണിക്കർ, യു.പി കൃഷ്ണനുണ്ണി, പി. മാധവ മേനോൻ, വി.ആർ പ്രകാശൻ, ദേവസ്വം മാനേജർ എം. മനോജ് കുമാർ എന്നിവർ പങ്കെടുത്തു. നിറമാലയ്ക്ക് തൃപ്രയാർ രമേശൻ മാരാരുടെ പഞ്ചവാദ്യം അരങ്ങേറി. നവംബർ 30നാണ് തൃപ്രയാർ ഏകാദശി.