കയ്പമംഗലം: കൊവിഡ് കാലഘട്ടത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ. ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി.എൽ.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കൗമാരകാലത്ത് ഹിംസാത്മകത വർദ്ധിച്ചു വരുന്നതിന് കാരണം ഷാഡോ പാൻഡമിക്കാണ്. ഊർജത്തിന്റെ വൻ തോതിലുള്ള സമാഹാരമാണ് കുട്ടികൾ. അവരിലെ ഊർജത്തെ ശരിയായ വിധം പുറത്തേക്ക് പ്രവഹിക്കാനുള്ള സാദ്ധ്യത കൊവിഡ് കാലഘട്ടം ഇല്ലാതാക്കി. ഇത് മൂലം കുടുംബങ്ങൾക്കകത്ത് തന്നെ ഹിംസാത്മകത വർദ്ധിക്കുകയും കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഏറുകയും ചെയ്തു. ഇത്തരം അവസ്ഥയെ അതിജീവിക്കാൻ സാമൂഹികമായി കൈകോർത്തു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞുമക്കൾക്കൊപ്പം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ശാസ്ത്ര സാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്ര കേരളത്തിന്റെ കൗമാര പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, നൗമി പ്രസാദ്, എം.കെ ഫൽഗുണൻ, ടി.വി മദനമോഹനൻ, പി. മീര, ഡോ. കെ.ജി വിശ്വനാഥൻ, ഒ.എം ശങ്കരൻ, കെ.ബി ബേബി, ടി.എസ്.സജീവൻ എന്നിവർ പങ്കെടുത്തു.