newborn

തൃശൂർ : നവജാത ശിശുക്കളുടെ വൈകല്യ ചികിത്സാ പരിചരണ കേന്ദ്രം (ഡി.ഇ.ഐ.സി ഡിസ്ട്രിക്ട് ഏർലി ഇന്റർവെഷൻ സെന്റർ) തൃശൂരിൽ നിന്നും മാറ്റാൻ നീക്കം. വടക്കാഞ്ചേരിയിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഫിസിയോ, സ്പീച്ച് തെറാപ്പി, മറ്റ് ചികിൽസകൾ എന്നിങ്ങനെയായി ജില്ലയിലെ 40,309 പേരാണ് നിലവിൽ കേന്ദ്രത്തെ ആശ്രയിക്കുന്നത്. കൊവിഡ് കാലത്ത് പോലും 17,520 പേർ ഇവിടെ ചികിത്സ തേടിയെന്നാണ് ഔദ്യോഗിക കണക്ക്. കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ കുറച്ച് വന്നതോടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ എല്ലാ മേഖലയിൽ നിന്ന് സൗകര്യപൂർവം എത്തിച്ചേരാമെന്നതും ഇതര ജില്ലയിൽ നിന്നുള്ളവർക്കും വന്നു പോവുന്നതിന് എളുപ്പമുണ്ടെന്നതാണ് കേന്ദ്രത്തെ ആശ്രയിക്കുന്നവർക്കുള്ള ആശ്വാസം. നിരവധി വർഷങ്ങളായി സ്വരാജ് റൗണ്ടിൽ ജനറൽ ആശുപത്രിയോട് ചേർന്നാണ് ഡി.ഇ.ഐ.സിയുടെ പ്രവർത്തനം. ആധുനിക ചികിത്സാ സൗകര്യങ്ങളടക്കം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രം മാറ്റുന്നതിലൂടെ ഈ യന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുമോയെന്ന ആശങ്കയും ഇപ്പോൾ എളുപ്പത്തിൽ ചികിത്സാ സൗകര്യത്തിന് എത്തിച്ചേരാൻ കഴിയുന്നവർക്ക് പുതിയ സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയില്ലെന്നതും കേന്ദ്രത്തെ ആശ്രയിക്കുന്നവരെ വിഷമത്തിലാക്കുന്നത്. കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, തൃപ്രയാർ, മാള തുടങ്ങി പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് വടക്കാഞ്ചേരിയിലേക്ക് എത്തുകയെന്നത് പ്രയാസകരമാണ്. ചെലവ് വർദ്ധിക്കുമെന്നും ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു. തൃശൂരിലെ കേന്ദ്രം നിലനിറുത്തി വടക്കാഞ്ചേരിയിൽ പണി പൂർത്തീകരിച്ച കെട്ടിടത്തിൽ പുതിയ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് ആരോഗ്യമന്ത്രി വീണ ജോർജിനും ദേവസ്വംപട്ടികജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും പരാതി നൽകി.