നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ മൃഗശാല ഇനി അധികനാളുണ്ടാവില്ല, അവിടുത്തെ പക്ഷികളും മൃഗങ്ങളും ചേക്കേറാനൊരുങ്ങുകയാണ്, രാജ്യാന്തര നിലവാരമുളള പുത്തൂർ സുവാേളജിക്കൽ പാർക്കിലേക്ക്. വിനോദസഞ്ചാരത്തിന് നാൾക്കുനാൾ പ്രസക്തിയേറുന്ന കാലത്ത്, ഈ പാർക്കിന്റെ വരവ് കേരളത്തിനും രാജ്യത്തിനും നൽകുന്ന പേരുംപെരുമയും ചെറുതല്ല. പക്ഷേ, ഈ സ്വപ്നപദ്ധതിയ്ക്ക് സ്വാഭാവികമായും സർക്കാർ കാര്യങ്ങൾക്ക് ഉണ്ടാകുന്ന തടസങ്ങൾ ഉണ്ടാകരുതെന്ന പ്രാർത്ഥനയും അഭ്യർത്ഥനയുമാണ് ജനങ്ങൾക്കുള്ളത്. കാരണം മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഈ പദ്ധതിയുടെ മുന്നിൽ നിരന്ന തടസങ്ങൾ ചെറുതായിരുന്നില്ല. രാഷ്ട്രീയവടംവലികളും ഉദ്യോഗസ്ഥ അലംഭാവവും പ്രതികൂലകാലാവസ്ഥയും കൊവിഡുമെല്ലാം കാരണം ഇഴഞ്ഞിഴഞ്ഞാണ് ഇതുവരെയെത്തിയത്. മഴ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും സുവോളജിക്കൽ പാർക്കിലേക്ക് ഈ വർഷം തന്നെ തൃശൂർ മൃഗശാലയിലെ പക്ഷികളേയും മറ്റും എത്തിക്കാനുളള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പക്ഷികൾക്കൊപ്പം കാട്ടുപാേത്ത്, കരിങ്കുരങ്ങ് സിംഹവാലൻ കുരങ്ങ് എന്നിവയും പാർക്കിലെത്തും. രണ്ടാംഘട്ടത്തിൽ മാനുകൾ, പുലി, കടുവ എന്നിവയേയും എത്തിക്കും. അടുത്ത വർഷം മാർച്ചിനുളളിൽ മൃഗശാലാമാറ്റം പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. രണ്ടുംമൂന്നും ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ 25 ശതമാനത്തിലേറെ പിന്നിട്ടു. പാർക്കിന് കേന്ദ്ര സൂ അതോറിറ്റി ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചാണ് മൃഗശാലാ മാറ്റത്തിന് അനുമതിക്കുള്ള ശുപാർശ നൽകിയത്.
വൈദ്യുതി ലഭിക്കാൻ പാർക്കിൽ തന്നെ സബ് സ്റ്റേഷനുണ്ടാകും. ശുദ്ധജലവിതരണം, മഴവെള്ള സംഭരണം, മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് തുടങ്ങിയവയ്ക്ക് 33 കോടി ചെലവഴിച്ചിട്ടുണ്ട്. വൈദ്യുതി, ജലവിതരണ സംവിധാനം പൂർണമായും ഭൂഗർഭ കേബിളുകൾ വഴിയാണ്. 2018ലാണ് സ്വപ്നപദ്ധതിക്ക് ചിറക് വെയ്ക്കുന്നത്. മുൻപ് ബഡ്ജറ്റ് വിഹിതം കുറവായിരുന്നു. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയതോടെയാണ് നിർമ്മാണജോലികൾ തടസപ്പെടാതെ മുന്നോട്ടുപോയത്. കഴിഞ്ഞ ഒന്നരവർഷമായി കൊവിഡ് വ്യാപനവും തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധിയുണ്ടാക്കിയെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമ്മാണജോലികൾക്ക് വേഗം കൂടി.
തൊഴിലുറപ്പുകാർക്കും തന്നാലായത്
അന്യസംസ്ഥാനക്കാർ മുതൽ വിദേശരാജ്യക്കാർ വരെ നേരിട്ടും അല്ലാതെയും പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. അക്കൂട്ടത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ അടക്കമുള്ളവരുണ്ട്. പാർക്കിന്റെ ഭൂവികസന പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. തടയണകൾ, നീർച്ചാലുകൾ, കുളങ്ങൾ തുടങ്ങി ഭൂമിയുടെ തനത് വ്യവസ്ഥയെ നിലനിറുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. പുത്തൂർ പഞ്ചായത്തിലെ 4, 5 വാർഡുകളിലായി നിലകൊള്ളുന്ന സുവോളജിക്കൽ പാർക്കിൽ ഈ വാർഡുകളിലെയും സമീപവാർഡുകളിലെയും ഏകദേശം 75 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിദിനം ജോലി ചെയ്യുന്നുണ്ട്. പദ്ധതിയുടെ നാഷണൽ ലെവൽ മോണിറ്റർ സുവോളജിക്കൽ പാർക്കിലെ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. മൊത്തം കൂടുകൾ 23 എണ്ണമാണ്. പാർക്കിന്റെ വിസ്തൃതി 330 ഏക്കറുണ്ട്. ചെലവ് 360 കോടി രൂപയും.
കൊവിഡ് മഹാമാരിക്ക് ശേഷം, സുവോളജിക്കൽ പാർക്കിലേക്ക് പക്ഷികളെയും മൃഗങ്ങളെയും മാറ്റും മുൻപേ, കുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചാണ് തൃശൂർ മൃഗശാല തുറന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കായിരുന്നു പ്രവേശനം. വാക്‌സിനെടുത്ത രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്കും പ്രവേശനം അനുവദിച്ചു.
വാക്‌സിന്റെ പകർപ്പോ മൊബൈലിലെ കോപ്പിയോ പ്രവേശനകവാടത്തിൽ കാണിക്കണമെന്നുമാത്രം. സാധാരണ തിങ്കളാഴ്ചകളിൽ മ്യൂസിയവും മൃഗശാലയും അവധിയാണെങ്കിലും തിങ്കളാഴ്ച തന്നെ തുറക്കാനായിരുന്നു തീരുമാനം. ഇനിയുള്ള തിങ്കളാഴ്ചകളിൽ അവധിയാകും. മൃഗങ്ങളെ ഈ വർഷം തന്നെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യം പക്ഷികളെയാകും മാറ്റുക. കൂടുകൾ തയ്യാറാവുന്നത് അനുസരിച്ച് മറ്റ് മൃഗങ്ങളെ കൊണ്ടുപോകും. കഴിഞ്ഞവർഷം വയനാട്ടിൽ നിന്ന് പിടികൂടിയ കടുവയെയാണ് മൃഗശാലയിൽ അവസാനമെത്തിച്ചത്. അതിനുശേഷം മൃഗങ്ങളെ പാർപ്പിക്കാൻ അനുമതി ലഭിച്ചിട്ടില്ല. മൃഗങ്ങളെ മാറ്റിയാൽ ഇവിടെ സാംസ്‌കാരിക സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം.
തൃശൂർ മൃഗശാലയുടെ ശരാശരി മാസവരുമാനം 12 ലക്ഷം രൂപയാണ്. വേനലവധിക്കാലത്ത് അതിലേറെ വരുമാനമുണ്ടാകും. ലോക് ഡൗണിൽ മാർച്ച് 11 മുതൽ അടച്ചിട്ടിരുന്നു. മൂന്നര മാസത്തിനുള്ളിൽ തന്നെ അരക്കോടി രൂപയോളമായിരുന്നു നഷ്ടം. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തൃശൂർ മൃഗശാല പ്രവർത്തനമാരംഭിച്ചെങ്കിലും 10 വയസിന് താഴെയും 60ന് മുകളിലുമുള്ളവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഹിപ്പോപ്പൊട്ടാമസ്, കടുവ എന്നിവയെ പാർപ്പിച്ച സ്ഥലങ്ങളിലേക്ക് ആദ്യഘട്ടത്തിൽ സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. മൃഗശാലയിലെ പാർക്കിലേക്കും സന്ദർശകർക്ക് അനുമതിയുണ്ടായിരുന്നില്ല. ത്രീഡി തിയേറ്ററും പ്രവർത്തിച്ചിരുന്നില്ല. ഇതോടെ സന്ദർശകരും കുറഞ്ഞു. ചുരുക്കത്തിൽ ഒന്നരവർഷത്തിനിടെയുണ്ടായ നഷ്ടം കോടിയിലേറെ വരും. പ്രവേശനഫീസ് മുതിർന്നവർക്ക് ഇരുപത് രൂപയാണ്. കുട്ടികൾക്ക് അഞ്ചും. സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ്. മ്യൂസിയം, ത്രീഡി തിയേറ്റർ, കുട്ടികളുടെ പാർക്ക്, സ്‌നേക്ക് മ്യൂസിയം എന്നിവയെല്ലാം തുറന്നതോടെ കൊവിഡ് കാല മാനസികസംഘർഷങ്ങൾക്കു കൂടിയാണ് കുട്ടികളിൽ അയവ് വന്നത്.
59 ജീവിവർഗങ്ങളും 500ഓളം മൃഗങ്ങളുമുളള മൃഗശാല മദ്ധ്യകേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ്.