ഭാര്യ സൗമ്യയുമായി സൂരജ് താണ്ടിയത് 2500 കിലോ മീറ്റർ
തൃശൂർ: കാറപകടത്തിൽ സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ് കാലുകളുടെ ചലനശേഷി ഇല്ലാതായെങ്കിലും കൊടുങ്ങല്ലൂർ കാര പനങ്ങാട്ട് വീട്ടിൽ സൂരജിന്റെ (39) മനസ് തളർന്നില്ല. നിശ്ചയദാർഢ്യത്തോടെ നാലുചക്ര സ്‌കൂട്ടറിൽ ഭാര്യ സൗമ്യയുമായി ഡൽഹിയിൽ നിന്ന് കാർഗിലിലേക്ക് 12 ദിവസം കൊണ്ട് താണ്ടിയത് 2500 കിലോമീറ്റർ.
അതോടെ, എ.എച്ച്.സി.എഫ് ഗ്ലോബൽ ബുക്ക് ഒഫ് റെക്കാഡിൽ ഇടംപിടിച്ച ദമ്പതികൾ നേപ്പാൾ വഴി ഭൂട്ടാനിലേക്കുളള മറ്റൊരു സാഹസികയാത്രയ്ക്ക് ഒരുങ്ങുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരടങ്ങുന്ന 'ഈഗിൽ സ്‌പെഷ്യലി ഏബിൾഡ് റൈഡേഴ്‌സ്' എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പത്ത് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന സംഘത്തിന്റെ കാർഗിൽ യാത്ര. മറ്റുള്ളവരെല്ലാം സൂരജിലും ഭേദപ്പെട്ട ആരോഗ്യമുള്ളവർ.
ഈ മാസം 21നാണ് ഡൽഹിയിലെത്തിയത്. കാർഗിൽ യാത്രയ്ക്കിടെ സ്‌കൂട്ടർ പണിമുടക്കി. ബെൽറ്റ് പൊട്ടി, വലിച്ചു കൊണ്ടുപോകേണ്ടി വന്നു. വീൽചെയറിന്റെ ടയർ ഉരുകി. ബ്രേക്ക് ഒടിഞ്ഞു. മൊബൈൽ നെറ്റ് വർക്ക് കിട്ടാതായി. കടമ്പകളെല്ലാം കടന്നാണ് കാർഗിൽ യുദ്ധസ്മാരകത്തിലെത്തി ഇന്ത്യൻ പതാക വീശിയത്. കഴിഞ്ഞ വർഷം ഡൽഹിയിൽ നിന്ന് ഹിമാചൽപ്രദേശിലേക്ക് 800 കി.മീ. താണ്ടിയത് 5 ദിവസം കൊണ്ടായിരുന്നു.
വൈദ്യശാസ്ത്രം വഴിമാറി
നട്ടെല്ലിന് പരിക്കേറ്റവർക്ക് ഇത്രയും ദൂരം സ്കൂട്ടർ ഓടിക്കാൻ കഴിയില്ലെന്ന വൈദ്യശാസ്ത്ര
പാഠവും ഡോക്ടർമാരുടെ വിധികളുമാണ് സൂരജ് മാറ്റിയെഴുതിയത്. 2012 ജൂലായ് 14 ന് രാത്രി കൊല്ലത്തായിരുന്നു അപകടം. കാനയിൽ വീണ കാർ കീഴ്മേൽ മറിയുകയായിരുന്നു. നീണ്ട ചികിത്സകളിലും ഫലമുണ്ടായില്ല. അപകടത്തിനു മുൻപേ വിവാഹം നിശ്ചയിച്ചിരുന്നു. കിഴക്കൻ ഡൽഹിയിൽ സ്ഥിരതാമസക്കാരിയായ തൃശൂർ സ്വദേശി സൗമ്യ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. ബികോം പാസായശേഷമാണ് സൂരജ് സൗദിയിലെത്തിയത്. ടെക്സ്റ്റയിൽസിലായിരുന്നു ഏഴു വർഷക്കാലം ജോലി അപകടത്തിനുശേഷം പേപ്പർ പേനകളും ഫയലും കലണ്ടറും തയ്യാറാക്കി വില്പന തുടങ്ങി. കേരളത്തിലും തമിഴ്‌നാട്ടിലുമായി ആയിരങ്ങൾക്ക് പരിശീലനം നൽകി. മുൻപ് ട്രാവൽ ഏജൻസിയിൽ ജോലിയുണ്ടായിരുന്ന സൗമ്യയും നിഴൽ പോലെയുണ്ട്.
'ഭിന്നശേഷിക്കാർക്ക് താമസിക്കാവുന്ന ലോഡ്ജുകളും റോഡുകളും രാജ്യത്തുണ്ടാവണമെന്ന സന്ദേശം പ്രചരിപ്പിക്കാനും അവരോടുളള സമീപനം മാറണമെന്ന് ബോധവത്കരിക്കാനുമാണ് കേരളത്തിലെ 'വോയ്‌സ് ഒഫ് ഡിസേബിൾഡ് ' എന്ന ഭിന്നശേഷിക്കാർക്കായുള്ള സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയായ ഞാൻ ഈ യാത്രകൾ നടത്തുന്നത് '.
-സൂരജ്