ഇരിങ്ങാലക്കുട: എം.ജി യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥി സംഘടനാ നേതാവായ പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ആക്രമിക്കുകയും ജാതീയമായി ആക്ഷേപിച്ച് ബലാത്സംഗ ഭീഷണി മുഴക്കിയത് നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോജനൻ അമ്പാട്ട്. 50 കോടി ചെലവാക്കി വനിതാ മതിൽ കെട്ടിയ കേരളത്തിൽ അതിന് നേതൃത്വം നൽകിയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയെ നിലയ്ക്ക് നിറുത്തണമെന്നും അല്ലാത്തപക്ഷം സംരക്ഷണമതിൽ കെട്ടി പ്രതിരോധിക്കാൻ കെ.പി.എം.എസ് തയ്യാറാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എം.എസ് ഇരിങ്ങാലക്കുട യൂണിയൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് എ.കെ സിജു അദ്ധ്യക്ഷനായി. വി.വി സുനിലൻ, കെ.കെ അയ്യപ്പൻ, തങ്കം കുമാരൻ, രവി കല്ലേറ്റുംകര എന്നിവർ പ്രസംഗിച്ചു.