homeo
ഹോമിയോ

തൃശൂർ: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് രോഗപ്രതിരോധമൊരുക്കാൻ 'കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ഹോമിയോപ്പതി വകുപ്പിന്റെ ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന്റെ (എച്ച്.ഐ.ബി) ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ നിർവഹിച്ചു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കെ ഷാജൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ് നൗഷാദ് മുഖ്യാതിഥിയായി. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് കെ.കെ ബിന്ദു, ആർ.എം.ഒ നിധിൻ പോൾ, ഡോ. ഹെജി ജോർജ്, ഡോ. കിരൺ ആന്റണി, ഫാർമസിസ്റ്റ് എം.എസ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

രജിസ്‌ട്രേഷൻ

ഹോമിയോ ഇമ്മ്യുൺ ബൂസ്റ്ററിനായി https://ahims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ സൈറ്റ് തുറക്കുമ്പോൾ ഇടത് വശത്തായി കാണുന്ന ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ സൈൻ അപ്പ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ പേജിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മൊബൈൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാം. മെയിൽ ഐഡിയും മറ്റ് വിവരങ്ങളും ഇവിടെ ചേർക്കണം. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്കായി ന്യൂ രജിസ്‌ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക് 1800 599 2011 എന്ന നമ്പറിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ വിളിക്കാം.