crime
ക്രൈം

വടക്കാഞ്ചേരി: നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചതിന് ജയിലിൽ റിമാൻഡ‌ിൽ കഴിയുന്ന സി.ഐ.ടി.യു തൊഴിലാളികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൈ തല്ലിയൊടിച്ചത് ഏറെ ഗുരുതരമായ സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയത്. തെക്കുംകര പഞ്ചായത്തിലെ മലാക്കയിലെ കദളിക്കാട്ടിൽ വീട്ടിൽ പ്രകാശന്റെ ഇടത് കൈയ്യാണ് തല്ലിയൊടിച്ചത്. വീടുപണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട സി.ഐ.ടി.യു തൊഴിലാളികളും വീട്ടുടമയും തർക്കമുണ്ടാവുകയും തുടർന്ന് മർദ്ദനമേൽക്കുകയുമായിരുന്നു. പ്രകാശന്റെ ഭാര്യ പ്രസീത, സഹോദരൻ പ്രശാന്ത് എന്നിവർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ റിമാൻഡ് ചെയ്തത്.