boho
കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

കുന്നംകുളം: പ്രസവ ശേഷം മതിയായ ചികിത്സ ലഭിക്കാതെ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സമര വേലിയേറ്റം. ശ്രീജയുടെ വീടിന് സമീപത്തെ ചൂണ്ടൽ നിവാസികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് ഇന്നലെ സമരവുമായി രംഗത്തെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ധർണയിൽ പങ്കെടുത്തു. ചൂണ്ടൽ പട്ടികജാതി കോളനി നിവാസികളാണ് സമരത്തിൽ പങ്കെടുത്തത്. ശ്രീജയുടെ കുട്ടികളുടെ കണ്ണീരിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ കളക്ടർക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകുമെന്നും ആരോപണ വിധേയനായ ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കൂട്ടായ്മ അറിയിച്ചു. ബബിത മനോജ്, രാജി സുരേഷ്, രജിത, തങ്ക, സുലോചന എന്നിവർ നേതൃത്വം നൽകി.
അതേസമയം യുവതി മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ശ്രീജയുടെ മരണത്തിന് ഉത്തരവാദി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എ.എം നിധീഷ്, മണ്ഡലം പ്രസിഡന്റ് ജെറിൻ പി. രാജു, രജ്ജീൽ, റോഷിത്ത്, ഗന ശ്യാം എന്നിവരെ സി.ഐ വി.സി സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി.