പുതുക്കാട്: ഗുരുവായൂർ - എറണാകുളം സ്‌പെഷൽ ട്രെയിൻ സമയ നിഷ്ഠ പാലിക്കുന്നില്ലെന്ന് പരാതി. ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് കടത്തിവിടാനായി പല സ്റ്റേഷനുകളിലും പിടിച്ചിടുന്നതായാണ് പരാതി. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും സ്ഥിരം യാത്രക്കാരുടെ യാത്രാ ക്ലേശത്തിന് പരിഹാരമായാണ് ഒക്ടോബർ ആദ്യവാരം മുതൽ ഗുരുവായൂർ എറണാകുളം പാസഞ്ചർ സ്‌പെഷലായി ഓടിത്തുടങ്ങിയത്.
സീസൺ യാത്ര അനുവദിച്ചതോടെ പൂങ്കുന്നം, തൃശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കറുകുറ്റി, അങ്കമാലി എന്നീ സ്റ്റേഷനുകളിൽ നിന്ന് നിരവധി യാത്രക്കാരാണ് ട്രെയിനിനെ ആശ്രയിക്കുന്നത്. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമാണ് ട്രെയിൻ കൃത്യമായി രാവിലെ 9.25 ന് എറണാകുളത്തെത്തിയത്. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള ട്രെയിൻ വൈകിയാൽ പുതുക്കാടോ, കളമശ്ശേരിയിലോ ഗുരുവായൂർ - എറണാകുളം സ്‌പെഷൽ ട്രെയിൻ നിറുത്തിയിട്ട് ആലപ്പുഴ ട്രെയിൻ കടത്തിവിടുന്നത് പതിവായിരിക്കുകയാണെന്ന് സ്ഥിരം യാത്രക്കാർ ആരോപിക്കുന്നു.
എക്‌സ്പ്രസ് നിരക്ക് നൽകിയിട്ടും എറണാകുളം സ്‌പെഷൽ ട്രെയിനിനെ പിടിച്ചിടുന്നത് എന്തിനാണെന്ന് യാത്രക്കാർ ചോദിക്കുന്നു. വിഷയം തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻസ് മാനേജറുടെ ശ്രദ്ധയിൽപെടുത്തിയതായി ദക്ഷിണ റെയിൽവേ സോണൽ യൂസേഴ്‌സ് കമ്മിറ്റി അംഗം, അരുൺ ലോഹിദാക്ഷൻ അറിയിച്ചു.