ചാലക്കുടി: മലവെള്ളപ്പാച്ചലുണ്ടായ അതിരപ്പിള്ളിയിലെ പണ്ടാരൻപാറയിൽ ജിയോളജിക്കൽ, റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളിയാഴ്ചയാണ് മേഖലയിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടലിന് സമാനമായ മലവെള്ളത്തിന്റെ ഒഴുക്കുണ്ടായത്. ഇതിൽ പട്ടിക വർഗ്ഗ കോളനി സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു സന്ദർശനം. വീടുകളുടെ സുരക്ഷാ പരിശോധനയായിരുന്നു ലക്ഷ്യം. ഒമ്പത് കുടുംബങ്ങളെ പുനഃരധിവസിപ്പിക്കണമെന്ന ആലോചനയും നടക്കുന്നുണ്ട്.
2018 പ്രളയത്തിൽ ഇവിടെ നിന്നും അഞ്ഞൂറ് മീറ്റർ അകലെ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ പണ്ടാരൻപാറയിലെ ചില പ്രദേശങ്ങൾ ഭീതിയുടെ നിഴലിലാണ്. ജിയോളിജിസ്റ്റ് റീന, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു, ചാലക്കുടി ഓഫീസർ പ്രിൻസ് ടി.കുര്യൻ, ടി.ഡി.ഒ.ഇ.ആർ. സന്തോഷ്, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്. മാത്യു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സൗമിനി മണിലാൽ, പഞ്ചായത്തംഗം സി.സി. കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആശങ്ക അറിയിച്ച് വീട്ടുകാർ
പരിശോധനയ്ക്ക് എത്തിയ ഉദ്യോസ്ഥരുടെ മുന്നിൽ ആശങ്ക അറിയിച്ച് ആദിവാസി കുടുംബങ്ങൾ. മഴക്കാലത്ത് ഇടവിട്ടുണ്ടാകുന്ന മലവെള്ളപ്പാച്ചൽ ഭീതിപ്പെടുത്തുന്നതാണെന്ന് വീട്ടമ്മ ബിജി ഉദ്യോസ്ഥരോട് പറഞ്ഞു. ഇങ്ങനെ ഭയപ്പെട്ട് കഴിയുന്നതിൽ വിഷമമുണ്ട്. ഇടയ്ക്കിടെ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്നതും ഏറെ വിഷമം പിടിച്ച കാര്യമാണെന്നും ബിജി പറഞ്ഞു.
ഇക്കുറിയും ബിജിയുടെ വീട്ടിലേക്ക് വെള്ളം കയറിയിരുന്നു. മറ്റുള്ള വീട്ടുകാരുടെ അഭിപ്രായങ്ങളും മറിച്ചായിരുന്നില്ല. മലയൻ വിഭാഗത്തിലെ ഒമ്പത് വീട്ടുകാരാണ് കോളനിയിലുള്ളത്. ഇതിൽ മൂന്നു കുടുംബങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് വീട് ഒരുക്കിയിട്ടുണ്ട്.