പാവറട്ടി: വാഴാനി ഡാം തുറന്ന് വിട്ടതും ശക്തമായ മഴയും മൂലം കേച്ചേരി പുഴയിലൂടെ ഒഴുകി വന്ന വെള്ളം പുഴ കവിഞ്ഞ് വാക ഭാഗത്തേക്ക് ഒഴുകിയതിനാൽ കോരാത തോടിന്റെ ബണ്ട് പൊട്ടി വെള്ളം കുത്തിയൊലിച്ച് നടപ്പാത ഒലിച്ച് പോയി. എളവള്ളി ഗ്രാമപഞ്ചായത്തിലെ കാട്ടുപാടംബ്രാലായി പാടശേഖരത്തിലെ നടപ്പാതയാണ് നഷ്ടപ്പെട്ടത്. 10 മീറ്റർ നീളത്തിൽ അഞ്ചടി വീതിയുള്ള ബണ്ടാണ് തകർന്നത്. മഴ മാറി കൃഷി തുടങ്ങുമ്പോൾ വിത്തും വളവും കൊണ്ട് പോകുന്നതിനായി നടപ്പാത പുനഃസ്ഥാപിക്കണമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.പി രാജു, കർഷകസംഘം മേഖലാ കമ്മിറ്റി പ്രസിഡന്റ് എം.ആർ രജിതൻ, ടി.എ ഭരതൻ എന്നിവർ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ.ഡി വിഷ്ണു, ടി.സി മോഹനൻ, എൻ.ബി ജയ, ലിസി വർഗീസ്, സീമ ഷാജു, എം.പി ശരത് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. കൃഷിപ്പണി തുടങ്ങുന്നതിനുമുമ്പ് നടപ്പാത പുനസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് പറഞ്ഞു.