പാവറട്ടി: തോളൂർ പഞ്ചായത്തിൽ കനത്ത മഴയിൽ വെള്ളം കയറി കൃഷി നാശം സംഭവിച്ച ചെല്ലിപ്പാടം, മേഞ്ചിറ പാടശേഖരങ്ങളിലെ വെള്ളം ഒഴുകി പോകുന്ന തോടുകളിലെ തടസങ്ങൾ നീക്കി. കൃഷി ഓഫീസറുടെ നിർദേശപ്രകാരം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് വെള്ളത്തിന്റെ ഒഴുക്കിന് തടസമായി കാലവർഷ കെടുതിയിൽ വീണ മരത്തടികളും മറ്റ് അവശിഷ്ടങ്ങളും നീക്കിയത്. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ, വാർഡ് മെമ്പർ സരസമ്മ സുബ്രമണ്യൻ, പടവ് കൺവീനർ കെ.കുഞ്ഞുണ്ണി, ജോണി സി.ആർ, കാർഷിക വികസന സമിതി മെമ്പർമാരായ ലോയിഡ് തോളൂർ, അജിൽ ജോസഫ് എന്നിവർ നേതൃത്വം നൽകി. ചെല്ലിപ്പാടത്ത് നിന്നും കാളിപാടം കെ.എൽ.ഡി.സി കനാലിലേക്ക് വെള്ളം ഒഴുകിപോകുന്ന തോടിലെ മരത്തടികളും അവശിഷ്ടങ്ങളും കൂടി നീക്കേണ്ടതുണ്ട്. പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കിയാൽ മാത്രമെ ഇത്തവണ വീണ്ടും ക്യഷിയിറക്കുവാൻ സാധിക്കുകയുള്ളൂ എന്ന് കർഷകർ പറഞ്ഞു. പാടശേഖരങ്ങളിൽ ആദ്യം ചെയ്തിരുന്ന കൃഷി മുഴുവൻ കാലവർഷ കെടുതിയിൽ നശിച്ചിരുന്നു.