teacher
ഗരുഡ ചിത്രശലഭം

പാവറട്ടി: 535 ദിവസങ്ങൾക്ക് ശേഷം നവംബർ ഒന്നിന് വിദ്യാലയത്തിലേക്ക് തിരിച്ചെത്തുന്ന കുട്ടികളെ വരവേൽക്കാൻ ശലഭങ്ങളെ വിരിയിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഒരു അദ്ധ്യാപകൻ. പാവറട്ടി എം.യു.എ.എൽ.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ഡൊമിനിക് സാവിയോയാണ് വ്യത്യസ്തമായ രീതിയിൽ തന്റെ ശിഷ്യരെ വരവേൽക്കുന്നത്. വീട്ടിലും സ്‌കൂളിലും നട്ടുപിടിപ്പിച്ച കർളകം ചെടിയിൽ മുട്ടയിടുന്ന പൂമ്പാറ്റകളുടെ മുട്ട സംരക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുകയായിരുന്നു. നാട്ടുറോസ്, ചക്കര ശലഭം തുടങ്ങിയവയാണ് കർളകത്തിൽ വന്നിരിക്കുക. ഈയടുത്ത് വീട്ടിൽ മുട്ടയിട്ട ഗരുഡശലഭത്തിന്റെ പ്യൂപ്പയെ സംരക്ഷിച്ചു.
ഉറുമ്പിന്റെയും മറ്റ് ക്ഷുദ്രജീവികളുടെയും ആക്രമണത്തിൽ നിന്നും ലാർവയെ രക്ഷിക്കാൻ പ്യൂപ്പയാകുമ്പോഴേ പ്രത്യേകം തയ്യാറാക്കിയ മുളക്കുട്ടയിലാക്കി സംരക്ഷിക്കുകയാണ് ചെയ്യുക. അതിനടിയിൽ പരന്ന പാത്രത്തിൽ വെള്ളവും കെട്ടിനിറുത്തി. 38 ദിവസം കഴിഞ്ഞപ്പോഴാണ് ചിത്രശലഭം പുറത്തുവന്നത്. നാല് മണിക്കൂറോളം സമയമെടുത്താണ് ശലഭം ചിറക് ബലപ്പെടുത്തി ആകാശത്തേക്ക് ചിറക് വിടർത്തിയത്.
വളർച്ച പൂർത്തിയാക്കിയ പൂമ്പാറ്റയെ വിദ്യാലയ അങ്കണത്തിൽ പറത്തി വിട്ടു. പൂമ്പാറ്റ വിദ്യാലയത്തിന് മുകളിൽ പാറിപ്പറന്നു. ഇതിന്റെ വീഡിയോ കുട്ടികൾക്കായി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേയ്ക്കും പ്രധാന അദ്ധ്യാപകൻ അയച്ച് നൽകി. കൊവിഡിന് മുമ്പ് വിവിധ പൂമ്പാറ്റകളെ വിരിയിച്ച് സ്‌കൂൾ അസംബ്ലിയിൽ പരിചയപ്പെടുത്തി പറത്തിവിട്ടിരുന്നു.

പാപ്പിലിയോനിഡേ ഫാമിലിയിൽ പെടുന്ന ഗരുഡ ശലഭത്തെ പ്രത്യേക രീതിയിൽ വിരിയിച്ചെടുത്തിരിക്കുകയാണ് ഡൊമനിക് സാവിയോ. ഗരുഡ ശലഭം വളരെയധികം മുട്ടയിടാറുണ്ടെങ്കിലും വിരളമായേ വിരിയാറുള്ളൂ. ഇന്ത്യയിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഏറ്റവും വലിയ ശലഭമാണിവ.