ചാലക്കുടി: താലൂക്ക് ഹോസ്പിറ്റൽ മാനേജുമെന്റ് കമ്മിറ്റി യോഗത്തിൽ സൂപ്രണ്ടിനെതിരെ വിമർശനമുയർന്നു. എ.ടി.എം കൗണ്ടർ സ്ഥാപിക്കാത്തതിലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർത്തിവച്ചതിലുമാണ് അംഗങ്ങൾ പ്രതിഷേധമറിയിച്ചത്. ലാബിലെ പരിശോധന നിർത്തിവച്ച നടപടിയിലും വിമർശമുണ്ടായി. അടിയന്തര ഘട്ടത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് എൻ.സി.പി പ്രതിനിധി വി.ഐ പോൾ ആവശ്യപ്പെട്ടു. കൊവിഡ് ആശുപത്രിയല്ലാതാക്കിയ തീരുമാനം പത്രവാർത്തകളിൽ കൂടിയാണറിഞ്ഞതെന്ന് സി.പി.എം പ്രതിനിധി പി.എം ശ്രീധരൻ പറഞ്ഞു. എ.ടി.എം കൗണ്ടർ ഉടൻ ആരംഭിക്കണമെന്ന് വാർഡ് കൗൺസിലർ വി.ജെ ജോജി ആവശ്യപ്പെട്ടു. എച്ച്.എം.സി ഫണ്ട് ശേഖരണത്തിന് സുമനസ്സുകളെ കണ്ടെത്താൻ യോഗം തീരുമാനിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ ഷീജ, നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി പോൾ, അഡ്വ. ബിജു എസ്.ചിറയത്ത്, കൗൺസിലർമാരായ സി.എസ് സുരേഷ്, ഷിബു വാലപ്പൻ എന്നിവർ സംബന്ധിച്ചു.