തൃശൂർ: വനത്തിനും മൃഗങ്ങൾക്കും ഭീഷണിയായ മഞ്ഞക്കൊന്നയെ നശിപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും പൂർണ്ണമായി നശിപ്പിക്കുന്നത് വരെ നടപടി തുടരുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മഞ്ഞക്കൊന്ന ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൂന്തോട്ട സസ്യമെന്ന പേരിൽ സാമൂഹിക വനവത്കരണ വിഭാഗം തൊണ്ണൂറുകളിൽ ഇറക്കുമതി ചെയ്തവയുടെ കൂട്ടത്തിൽ വന്നുപെട്ടതാണ് മഞ്ഞക്കൊന്ന. ഇവയുടെ തണലിൽ പുല്ലു പോലും മുളയ്ക്കില്ല. മണ്ണിലെ ജലാംശവും കുറയ്ക്കും. ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ മൃഗങ്ങൾക്കും ഭീഷണിയാണിവ. വെട്ടിയാൽ വേരിൽ നിന്നും മുളയ്ക്കും. ഒരു വൃക്ഷത്തിൽ 5,000 - 6000 വിത്തുകളുണ്ടാകും. അതിവേഗം വ്യാപിച്ച് സ്വാഭാവിക വനത്തെ ഇല്ലാതാക്കുന്നതോടെ മൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങുമെന്ന് വിദഗ്ദ്ധർ പറയുന്നു. വനംവകുപ്പ് സർവേ പ്രകാരം വയനാട് വന്യജീവി സങ്കേതത്തിലെ 23 ശതമാനം സ്ഥലത്ത് മഞ്ഞക്കൊന്നയാണ്. മലക്കപ്പാറ (തൃശൂർ), കണ്ണവം (കണ്ണൂർ), മൂന്നാർ, തേക്കടി, പെരിയാർ, കോഴിക്കോട്, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇവയുള്ളതായി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) കണ്ടെത്തിയിട്ടുണ്ട്.
നശീകരണത്തിന് മൂന്ന് വഴികൾ
1. വീര്യം കുറഞ്ഞ രാസവസ്തുവായ ഗ്‌ളൈപോസിനേറ്റ് ഉപയോഗിച്ച് വേനൽക്കാലത്ത് ഉണക്കാം
(ഇപ്രകാരം കഴിഞ്ഞ വർഷം നശിപ്പിച്ചത് 22,000 ചെടികൾ)
2. ഈർപ്പം നിലനിറുത്തി നശിപ്പിക്കാം. 150 താത്കാലിക തടയണ നിർമ്മിക്കുക
(വയനാട്ടിൽ കഴിഞ്ഞ വർഷം 120 എണ്ണം നിർമ്മിച്ചു)
3. മഞ്ഞക്കൊന്നയുള്ള പ്രദേശങ്ങളിൽ മുള, ഈറ്റ എന്നിവ വളർത്താം
(ഇക്കൊല്ലം വിതച്ച 44,000 വിത്തുകൾ മുളപൊട്ടിയിട്ടുണ്ട്)
ചെറിയ തൈകൾ കൈ കൊണ്ടും വലിയവ യന്ത്രമുപയോഗിച്ചും (പുള്ളിംഗ് മെഷീൻ) പറിച്ചുകളയും. ഇപ്പോൾ 600 ഹെക്ടറിൽ ചെയ്തുവരുന്നു. കഴിഞ്ഞ വർഷം 800 ഹക്ടറിൽ ചെയ്തു. തുടർച്ചയായി നാല് വർഷം ചെയ്യണം. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഉരുത്തിരിഞ്ഞ മാർഗ്ഗങ്ങളിലൂടെയാണ് പ്രവർത്തനം. പുതിയ സ്ഥലത്തേക്ക് ഇവ വ്യാപിപ്പിക്കുന്നത് കൂടി തടയണം.
ഡോ. ടി.കെ ഹൃദിക്
സീനിയർ സയന്റിസ്റ്റ്
കെ.എഫ്.ആർ.ഐ.