thantri

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രി എരമംഗലം പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന് (71) നാടിന്റെ അന്ത്യാഞ്ജലി. കൊവിഡിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസതടസവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും മൂലം ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം പൊന്നാനി എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് സംസ്‌കരിച്ചു.

ദീർഘകാലം ക്ഷേത്രം മുഖ്യതന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ്. ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്ന് 2014 ജനുവരി 24 നാണ് ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രിയായത്. 2014 ജനുവരി 25 മുതൽ ദേവസ്വം ഭരണസമിതി സ്ഥിരാംഗമാണ്.

എം.എ ഇംഗ്ളീഷ് ബിരുദധാരിയായ നാരായണൻ നമ്പൂതിരിപ്പട് നെടുങ്ങാടി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുചിത്ര അന്തർജ്ജനം. മകൻ: ശ്രീകാന്ത് നമ്പൂതിരി. മരുമകൾ: പിറവം മ്യാൽപ്പിള്ളി ഇല്ലത്ത് അഖില. നാരായണൻ
നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ദേവസ്വം ഭരണസമിതിയും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും അനുശോചിച്ചു. അക്ഷരങ്ങളെയും ശാസ്ത്രീയ കലകളെയും സ്‌നേഹിച്ച തന്ത്രി വര്യനായിരുന്നു നാരായണൻ നമ്പൂതിരിപ്പാടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അനുസ്മരിച്ചു.