landslide

ചാലക്കുടി : ജിയോളജിക്കൽ വകുപ്പും, മണ്ണ് സംരക്ഷണ കേന്ദ്രവും നടത്തിയ പരിശോധനയിൽ ജില്ലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി. ഇത് സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം ജില്ലാ കളക്ടർക്ക് കൈമാറും. അടുത്ത ദിവസം മലക്കപ്പാറയിലെ ചില പ്രദേശങ്ങൾ കൂടി സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമാകും റിപ്പോർട്ട് നൽകുക.

മണ്ണിടിച്ചിന് സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ചും റിപ്പോർട്ടിലുണ്ടാകും. അടുത്ത ദിവസങ്ങളിൽ തുലാവർഷം ശക്തമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തണമെന്ന് കളക്ടർ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുമ്പ് 78 സ്ഥലങ്ങൾ അപകട സാദ്ധ്യതാ പ്രദേശമായി കണ്ടെത്തുകയും 60 സ്ഥലങ്ങളിൽ നിന്നായി 400 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ അതിരപ്പിള്ളിയിലെ പണ്ടാരൻപാറയിൽ ജിയോളജിക്കൽ, റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് മേഖലയിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടലിന് സമാനമായ മലവെള്ളത്തിന്റെ ഒഴുക്കുണ്ടായത്. ഇതിൽ പട്ടിക വർഗ്ഗ കോളനി സ്ഥിതി ചെയ്യുന്ന ഭാഗത്തായിരുന്നു സന്ദർശനം. വീടുകളുടെ സുരക്ഷാ പരിശോധനയായിരുന്നു ലക്ഷ്യം. ഒമ്പത് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആലോചന നടക്കുന്നുണ്ട്.
2018 പ്രളയത്തിൽ ഇവിടെ നിന്നും അഞ്ഞൂറ് മീറ്റർ അകലെ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ പണ്ടാരൻപാറയിലെ ചില പ്രദേശങ്ങൾ ഭീതിയുടെ നിഴലിലാണ്. എതാനും ദിവസം മുമ്പ് കൊണ്ടാഴി പഞ്ചായത്തിലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.


മണ്ണിടിച്ചിൽ മറച്ച് പിടിക്കുന്നു


അതേ സമയം മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങൾ പലരും മറച്ച് പിടിക്കുന്നതായും പറയുന്നു. മണ്ണിടിച്ചിലും മലക്കാലത്തും മറ്റും മുൻകരുതലെന്ന നിലയിൽ താമസം മാറ്റുകയും ചെയ്താൽ പ്രദേശത്തെ ഭൂമിയുടെ വില ഇടിയുമെന്ന ആശങ്കയെ തുടർന്നാണ് ഈ പ്രവണതയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതിനോടകം 80ഓളം സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ളത്.

അപകട സാദ്ധ്യത ഇങ്ങനെ

കണ്ടെത്തിയത് 78 ഇടങ്ങൾ

മാറ്റിപാർപ്പിക്കാൻ നിർദ്ദേശിച്ചത്

60 സ്ഥലങ്ങളിലെ

400 കുടുംബങ്ങളെ