കയ്പമംഗലം: കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമയ്ക്ക് തിരികെ നൽകി ആശുപത്രി ജീവനക്കാരി. ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്ലീനിംഗ് സ്റ്റാഫായ ചാമക്കാല സ്വദേശി കടയപറമ്പിൽ ഭീമാബിയുടെ സത്യസന്ധതയിലാണ് ഉടമയ്ക്ക് സ്വർണം തിരികെ ലഭിച്ചത്. എടത്തിരുത്തി ഏഴാം വാർഡിലെ ആശാവർക്കറായ ഫൗസിയ നൗഷാദിന്റെ രണ്ട് പവൻ തൂക്കം വരുന്ന പാദസരമാണ് ഇന്നലെ കളഞ്ഞു പോയത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് പാദസരം നഷ്ടപ്പെട്ടതറിഞ്ഞത്. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന ഭീമാബിക്ക് പാദസരം മുറ്റത്ത് നിന്ന് ലഭിക്കുകയായിരുന്നു. ആരുടേതെന്ന് അറിയാത്തതിനാൽ പാദസരം ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണനെ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ സാന്നിദ്ധ്യത്തിൽ ഭീമാബി പാദസരം ഫൗസിയക്ക് കൈമാറി.