കുന്നംകുളം: അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയ്‌ക്കെതിരെ താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് രാവിലെ 10 ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. അഞ്ച് വർഷം മന്ത്രിയായിരുന്നിട്ടും സ്ഥലം എം.എൽ.എ എ.സി മൊയ്തീൻ ആശുപത്രി വികസന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് സമരമെന്ന് മണ്ഡലം പ്രസിഡന്റ് കെ.ജയശങ്കർ പറഞ്ഞു. പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിലെ അനാസ്ഥ ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് നഗരസഭയും എം.എൽ.എയും മാറി നിൽക്കുകയാണ്. ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റി നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ ഡി.സി.സി സെക്രട്ടറി കെ.സി ബാബു, സി.കെ ബാബു, വാസു കോട്ടോൽ, മിനി മോൺസി, ബിജു സി. ബേബി എന്നിവർ സംസാരിച്ചു.