വടക്കാഞ്ചേരി: വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിൽ സർക്കാർ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വികസന പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങി. യു.ഡി.എഫ്.സർക്കാരിന്റെ കാലയളവിൽ മന്ത്രി സി.എൻ ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ വാഴാനി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 52 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ല. കഴിഞ്ഞ ഇടത് സർക്കാർ വാഴാനി ഡാമിന്റെ വികസനത്തിനും മോടി പിടിപ്പിക്കുന്നതിനുമായി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സംഗീത ജലധാര, കുട്ടികളുടെ പാർക്ക് നവീകരണം, ഉദ്യാനം, തൂക്ക് പാലം നവീകരണം തുടങ്ങീ നിരവധി വികസന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തിയിരുന്നു. ടൂറിസം വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന മന്ത്രി എ.സി മൊയ്തീൻ മുൻകൈയെടുത്താണ് പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലായതിനാൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികൾക്ക് തടസം നേരിടുകയായിരുന്നു. രണ്ട് വകുപ്പുകളും തമ്മിൽ ഏകോപനമില്ലാതെ വന്നതോടെ പ്രഖ്യാപിച്ച വികസന പദ്ധതികൾ കടലാസിലൊതുങ്ങി. സ്വന്തം മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ വാഴാനിയെ കേരളത്തിലെ മികവുറ്റ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹത്തോടെയാണ് എ.സി മൊയ്തീൻ രണ്ട് കോടി രൂപ അനുവദിച്ചത്. മണ്ണ് കൊണ്ട് നിർമ്മിച്ച വാഴാനി അണക്കെട്ടും പ്രകൃതി രമണീയമായ വനപ്രദേശവും കണ്ടാസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് പ്രതിദിനമെത്തുന്നത്. എന്നാൽ ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ കാര്യമായി യത്‌നിച്ചിട്ടില്ല. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വാഴാനി, പൂമല, ചെപ്പാറ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഇടനാഴി പദ്ധതി ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തിൽ വരച്ച പോലെയായതോടെ വാഴാനി, പൂമല, ചെപ്പാറ ടൂറിസം കേന്ദ്രങ്ങളുടെ വികസനം ഫയലിലുറങ്ങുകയാണ്.
വാഴാനി ഡാം വികസനത്തിന് ഡാം സേഫ്റ്റി അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിന് അതോറിറ്റിയുമായി സർക്കാർ ചർച്ചകൾ പുരോഗമിച്ച് വരികയാണ്. അവ അന്തിമഘട്ടത്തിലാണ്. ഏറെത്താമസിയാതെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനാകൂമെന്നാണ് പ്രതീക്ഷ.
സേവ്യർ ചിറ്റിലപ്പിള്ളി
(എം.എൽ.എ, വടക്കാഞ്ചേരി)