തൃശൂർ: ജവഹർലാൽ നെഹ്‌റു ഹോക്കി സംസ്ഥാന യോഗ്യതാ മത്സരങ്ങൾക്ക് തൃശൂരിൽ സമാപനം. ഡൽഹിയിൽ നടക്കുന്ന ദേശീയ അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന യോഗ്യതാ മത്സരങ്ങളാണ് സമാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ സെന്റ് മേരീസ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്. അഞ്ച് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിൽ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ സ്‌കൂൾ, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ സ്‌കൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ദേശീയ മത്സരത്തിനുള്ള യോഗ്യത നേടി.
സമാപനോദ്ഘാടനം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ രാധിക എൻ.വി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദന മോഹനൻ മുഖ്യാതിഥിയായി. തൃശൂർ വിദ്യാഭ്യാസ ഓഫീസർ പി.വി. മനോജ് കുമാർ, ജില്ലാ സ്‌പോർട്‌സ് കോ ഓഡിനേറ്റർ എ.എസ് മിഥുൻ, ജൂനിയർ സൂപ്രണ്ട് ഡയറക്ടർ ഒഫ് ജനറൽ എഡ്യൂക്കേഷൻ അലോഷ്യസ്. പി എന്നിവർ പങ്കെടുത്തു.