കൊടുങ്ങല്ലൂർ: ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിപ്പിടിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയെയും നഗരസഭയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം ജനങ്ങൾ അംഗീകരിക്കില്ലെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഏറ്റവും മികച്ച ആരോഗ്യ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രി എന്ന ഖ്യാതി ഇല്ലാതാക്കാനാണ് ബി.ജെ.പി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അവർ പറഞ്ഞു. കൊവിഡ് പരിശോധന സംബന്ധിച്ച് ഒരാൾക്ക് തെറ്റായ റിപ്പോർട്ട് നൽകിയെന്ന ആരോപണത്തിൽ നേരത്തെ തന്നെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ആരോപണ വിധേയനായ ജീവനക്കാരനെ എച്ച്.എം.സിയാണ് നിയമിച്ചതെന്ന പ്രചാരണം തെറ്റാണെന്നും,​ സർക്കാരാണ് ഇവരെ നിയമിച്ചതെന്നും,​ ഇത്തരം തെറ്റായ പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ചെയർപേഴ്‌സണും വൈസ് ചെയർമാനും ആരോപിച്ചു.