mmmm
പിടിച്ചെടുത്ത മോട്ടോർ ഷെഡിന് മുന്നിൽ കർഷകർ.

അന്തിക്കാട്: അന്തിക്കാട് പാടശേഖര സമിതിയുടെ കാഞ്ഞാങ്കോളിലെ മോട്ടോറുകൾ കർഷക കൂട്ടായ്മ പിടിച്ചെടുത്തു. അന്തിക്കാട് പാടശേഖരത്തിൽപ്പെട്ട 205 ഏക്കർ വിസ്തൃതിയുള്ള കാഞ്ഞാങ്കോളിലെ മൂന്ന് മോട്ടോറുകളുടെ നിയന്ത്രണമാണ് കർഷക കൂട്ടായ്മ ഏറ്റെടുത്തത്.

മോട്ടോർ പ്രവർത്തിപ്പിച്ചിരുന്ന അന്തിക്കാട് പടശേഖര സമിതി മത്സ്യം പിടിക്കാൻ ലേലം വിളിച്ച കരാറുകാരുടെ സൗകര്യം നോക്കി പല ദിവസങ്ങളിലും മോട്ടോർ പ്രവർപ്പിക്കാതെ കൃഷി വൈകിപ്പിച്ചുവെന്നാണ് കർഷകരുടെ ആരോപണം. തുടർന്ന് അടച്ചിട്ട മോട്ടോർ ഷെഡുകൾ കർഷകരുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം കൃഷിമന്ത്രി ഇടപെട്ടാണ് 205 ഏക്കർ കോൾ നിലത്തിൽ നേരിട്ട് കൃഷി ചെയ്യാൻ കർഷക കൂട്ടായ്മ രൂപീകരിച്ചത്. തരിശായി കിടന്നിരുന്ന പാടശേഖരങ്ങളടക്കം നിരവധി പ്രദേശങ്ങളാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കിയത്.

കൂട്ടത്തോടെ കൃഷിയിറക്കിയതോടെ മികച്ച വിളവാണ് ഇത്തവണ കർഷകക്ക് ലഭിച്ചത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. അധികജലം വറ്റിക്കുന്നതിനായി കോൾപ്പാടത്ത് മൂന്ന് മോട്ടോറുകളാണ് നേരത്തെ സ്ഥാപിച്ചിരുന്നത്. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പാടശേഖര സമിതികളാണ്. സമയോജിതമായ ഇടപെട്ട് വെള്ളം അധിക ജലം വറ്റിക്കാത്ത പാടശേഖര സമിതിയുടെ നിലപാടിൽ അതൃപ്തി അറിയിച്ചാണ് കർഷക കൂട്ടായ്മ പ്രതിനിധികൾ മോട്ടോറുകൾ പിടിച്ചെടുത്തത്.

നാല് ദിവസം കൊണ്ട് വറ്റുന്ന കോൾപ്പാടം വൈകി വറ്റിച്ച് കൃഷി നാശമുണ്ടാക്കാനാണ് അന്തിക്കാട് പാടശേഖര സമിതിയുടെ ശ്രമമെന്നും അതിനെ കർഷകർ ഒറ്റക്കെട്ടായി നേരിടുമെന്നും കാഞ്ഞാങ്കോൾ കർഷക കൂട്ടായ്മ ഭാരവാഹികൾ പറ‍ഞ്ഞു.