പാവറട്ടി: തോളൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ അതിവർഷം മൂലമുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കിലുണ്ടായ നാശങ്ങൾ വിലയിരുത്താൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥ സംഘമെത്തി. വെള്ളപ്പാച്ചിലിൽ തകർന്ന പോന്നൂർത്താഴം നാരായണത്ര മോട്ടോർ ഷെഡ്, മേഞ്ചിറ മോട്ടോർ ഷെഡ്, പോന്നോർ താഴം ബണ്ട്, കുടപ്പുളിത്താഴം മോട്ടോർ ഷെഡ്, ബണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ കൃഷി വകുപ്പ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നാശനഷ്ടം വിലയിരുത്താൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺന്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ വിനേഷ്‌കുമാർ, അസി.എൻജിനീയർ അജിഷ, ഓവർസിയർ സിനി എന്നിവരെത്തി. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന വിൽസൺ, വി.കെ രഘുനാഥൻ, കെ.കുഞ്ഞുണ്ണി, സുനിൽ വി.കെ, ജോസ് പി.ഒ, കെ.കെ ഫ്രാൻസിസ്, ലോയിഡ് തോളൂർ എന്നിവർ സന്നിഹിതരായിരുന്നു. നാശനഷ്ടം സംഭവിച്ച പടവുകൾക്കും പടവ് പാടശേഖരങ്ങളിലെ കർഷകർക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി മന്ത്രിക്കും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകിയിരുന്നു.