തൃശൂർ : ക്ഷേത്ര വിഗ്രഹങ്ങൾ പോലും പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കാലിന് വിൽക്കാൻ മടിക്കാത്തവരാണ് ദേവസ്വം ബോർഡുകളിലുള്ളതെന്ന് കെ.പി. ശശികലടീച്ചർ. അശോകേശ്വരം ക്ഷേത്രത്തിന്റെ വടക്കേച്ചിറയിൽ ബോട്ടു സവാരിയും, ഭക്ഷണ ശാലയും ആരംഭിച്ച കൊച്ചിൻ ദേവസ്വം ബോർഡ് നടപടിക്കെതിരെ തൃശ്ശിവപേരൂർ പൈതൃക സംരക്ഷണ സമിതി നടത്തിയ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അവർ. പണം ഉണ്ടാക്കാൻ ക്ഷേത്ര സംസ്‌കാരത്തിന് നിരക്കാത്ത എന്ത് ഹീന പ്രവൃത്തികളും ചെയ്യാൻ മടിക്കാത്ത തരത്തിൽ ദേവസ്വം ബോർഡ് അധ:പതിച്ചിരിക്കുന്നുവെന്നും ശശികല ആരോപിച്ചു. സമിതി ജനറൽ കൺവീനർ പി. സുധാകരൻ സമര പ്രഖ്യാപന പ്രസംഗം നടത്തി. ചെയർമാൻ സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി എ.പി ഭരത്കുമാർ, വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ മോഹൻ മേനോൻ, എസ്.സി - എസ്.ടി സംയുക്ത സമിതി സംഘടനാ സെക്രട്ടറി പി. ശശികുമാർ, രാജൻ കുറ്റുമുക്ക, എം.ആർ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.