coco

തൃശൂർ: സാങ്കേതിക പ്രശ്‌നങ്ങളിലും ആശയക്കുഴപ്പത്തിലും പെട്ട് ത്രിശങ്കുവിലായിരുന്ന കാർഷിക സർവകലാശാല കൊക്കൊ ഗവേഷണ പദ്ധതിക്ക് ഒടുവിൽ അംഗീകാരം. മൊണ്ടേലെസ് ഇന്ത്യ ലിമിറ്റഡുമായി മൂന്ന് വർഷത്തേക്ക് കഴിഞ്ഞ ദിവസം സർവകലാശാല അധികൃതർ കരാറൊപ്പിട്ടു. മുൻകാല പ്രാബല്യമുള്ളതിനാൽ താത്കാലിക ജീവനക്കാർക്ക് ശമ്പള കുടിശികയും ലഭിക്കും. ഗവേഷണത്തിനുള്ള ഫണ്ടും ലഭ്യമാകും. വിദേശഫണ്ട് ലഭിക്കുന്നതിനാൽ കേന്ദ്രത്തിന് കീഴിലെ അഗ്രികൾച്ചർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ വകുഷിന്റെ (ഡെയർ), അംഗീകാരം വേണമെന്നായിരുന്നു വൈസ് ചാൻസലറുടെ നിലപാട്. ഇന്ത്യൻ കമ്പനിയായതിനാൽ ആവശ്യമില്ലെന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞരും നിലപാടെടുത്തു. ഇതോടെ പദ്ധതി പുതുക്കുന്നതിൽ കാലതാമസം വന്നു. ഒടുവിൽ ഡെയറിന്റെ അനുമതിക്കായി അയച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് കാട്ടി അവർ തിരിച്ചയച്ചു. തുടർന്നാണ് മോണ്ടെലെസുമായി കരാറൊപ്പിട്ടത്. നടപടിക്രമം വൈകിയതിനാൽ കമ്പനി പ്രതികൂലമായി തീരുമാനമെടുക്കുമോ എന്ന ആശങ്ക ജീവനക്കാർക്ക് ഉണ്ടായിരുന്നു. കരാർ, ദിവസവേതന തൊഴിലാളികളായ 30 പേർക്ക് ആറ് മാസത്തെ ശമ്പള കുടിശികയുമുണ്ടായിരുന്നു. കരാർ പുതുക്കിയതോടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി. ഏഷ്യയിലെ വലിയ കൊക്കോ ജനിതക ശേഖരവും അപൂർവ കൊക്കൊ ശേഖരവും ഇവിടെയുണ്ട്.


ഗവേഷണ പദ്ധതി ഇങ്ങനെ

50 ഏക്കറിൽ ഹൈബ്രിഡ് തൈകൾ ഉൽപാദിപ്പിക്കാനുള്ള നഴ്‌സറി
ബയോ ടെക്‌നോളജി ലാബ്
രണ്ട് ശാസ്ത്രജ്ഞർ
34 ജീവനക്കാർ