women-care

തൃശൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറ‌യ്‌ക്കാൻ,​ ആൺകുട്ടികളെ കേന്ദ്രീകരിച്ച് സ്ത്രീസുക്ഷാ ബോധവത്കരണം കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിഗണനയിലുണ്ടെന്ന് മന്ത്രി ആർ. ബിന്ദു കേരളകൗമുദിയോട് പ്രതികരിച്ചു.

സ്കൂൾ, കോളേജ് തലങ്ങളിൽ സ്ത്രീ സുരക്ഷാ ബോധവത്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരുടെ നിർദ്ദേശം. വിഷയം നിശ്ചയിച്ച് പ്രത്യേക കോഴ്സിന് രൂപം നൽകുകയും ആൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം.

കോളേജുകളിലെ വിമെൻ സെല്ലുകൾ ന‌ടത്തുന്ന സ്ത്രീ സുരക്ഷാ പരിപാ‌ടികളിൽ പെൺകുട്ടികളാണ് പങ്കെടുക്കാറ്. വിമെൻ സെല്ലിന് പകരം ഫോറം ഫോർ ജെൻഡർ ജസ്റ്റിസ് രൂപീകരിച്ചിട്ടുണ്ട്. ഇത് എല്ലാ കോളേജുകളിലും രൂപീകരിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി സ്ത്രീ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വർഷങ്ങളായി നടക്കുന്ന സ്ത്രീശാക്തീകരണ പരിപാടികൾ കൊണ്ട് ഫലമുണ്ടായിട്ടില്ല. സ്ത്രീയോടുള്ള പെരുമാറ്റം, ലെെംഗികത എന്നിവയെപ്പറ്റി ആൺകുട്ടികളെയും യുവാക്കളെയും ബോധവത്കരിക്കാൻ സംവിധാനം വേണം.

പഠിക്കാൻ കമ്മിറ്റി

സുരക്ഷാ ബോധവത്കരണം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ആലോചന. പാഠ്യപദ്ധതി, ക്ലാസ് നൽകുന്ന രീതി, ഏത് ക്ലാസുകളെ ഉൾപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിക്കും.

ലിംഗസമത്വം ഉറപ്പാക്കാൻ നടപടി

സ്ത്രീ സുരക്ഷാ പരിപാടികളിൽ ആൺകുട്ടികളെ കൂടി നിർബന്ധമായും പങ്കെടുപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ലിംഗ സമത്വം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണനയിലാണെന്നും അവർ പറഞ്ഞു.

ബോധവത്കരണം നൽകേണ്ടത് ആൺകുട്ടികൾക്കാണ്. സ്ത്രീകൾക്കുള്ള സഹായ സംവിധാനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കാമെന്നല്ലാതെ പ്രശ്നങ്ങളെപ്പറ്റി അവരോട് തന്നെ പറയുന്നതിൽ അർത്ഥമില്ല. സുരക്ഷ ഫലപ്രദമാകണമെങ്കിൽ സമൂഹത്തിൻ്റെ പിന്തുണ വേണം

- ഡോ. ടി.കെ. ആനന്ദി, മുൻ ജെൻഡർ അഡ്വെെസർ കേരള സർക്കാർ

സ്ത്രീ സുരക്ഷ നടപ്പാക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും ഒതുക്കി നിറുത്തിക്കൊണ്ടാണ്. അതുകൊണ്ട് സ്ത്രീസുരക്ഷയല്ല പൊതു സുരക്ഷയാണ് വേണ്ടത്. കാലം, ദേശം, വസ്ത്രം എന്നിവ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്ക് ഉപയോഗിക്കാനാവുന്നില്ല.

- തനൂജ ഭട്ടതിരി, എഴുത്തുകാരി

പെൺകുട്ടികളോട് മോശമായി പെരുമാറിയാൽ വീട്ടിൽ സ്ഥാനമുണ്ടാവില്ലെന്ന് അമ്മമാർ ആൺകുട്ടികളോട് പറയണം. എന്റെ രണ്ട് ആൺകുട്ടികളോടും ഞാനത് പറഞ്ഞിട്ടുണ്ട്. പെൺകുട്ടികളെ ബഹുമാനിക്കാനും പാത്രം കഴുകാനും തുണിയലക്കാനും ആൺകുട്ടികളെ പഠിപ്പിക്കണം.

- നഫീസത്ത് ബീവി, സെെക്കോളജിസ്റ്റ്, കൗൺസിലർ