ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരി വിനോദിനി സുബ്രനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം നിരാകരിച്ചെന്ന് ആരോപിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാൽ ജീവനക്കാരിയുടെ വിഷയം അജണ്ടയിലെ ഏറ്റവും അവസാന ഇനമായി ചർച്ച ചെയ്യാമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അറിയിച്ചു.
ആരോഗ്യ കാര്യ സ്ഥിരം സമിതിയാണ് താത്കാലിക ജീവനക്കാരിയെ മാറ്റുന്നതിന് തീരുമാനിച്ചതെന്നും പ്രതിപക്ഷത്തിന്റെ അഭാവത്തിൽ തീരുമാനം നടപ്പാക്കിയെന്നും പ്രസിഡന്റ് പറഞ്ഞു. ഇതുസംബന്ധിച്ച അജണ്ട വോട്ടിനിടാതെ മാറ്റിവച്ചതിലാണ് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതെന്ന് എൽ.ഡി.എഫ് പാർലിമെന്ററ് പാർട്ടി ലീഡർ ബീന രവീന്ദ്രൻ പറഞ്ഞു. വിനോദിനി സുബ്രനിൽ നിന്നും ഒരു വർഷത്തെ എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങിയതിൽ ആറ് മാസം മുൻപുള്ള തിയതി വച്ചത് ആസൂത്രിതമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ആശുപത്രിയിലെ കാന്റീൻ നടത്തിപ്പ് ഒരു വർഷത്തേക്ക് നൽകിയ ക്ഷേമ കാര്യ സമിതിയുടെ തീരുമാനവും ചർച്ച ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ മൂന്നുമാസത്തേക്കാണ് നടത്തിപ്പ് കരാർ കൊടുക്കാറുള്ളതെന്നും ഇതിന്റെ അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണെന്നും വേണു കണ്ഠരുമഠത്തിൽ പറഞ്ഞു. രമ്യ വിജിത്ത്, ഇന്ദിര പ്രകാശൻ, സിന്ധു രവി, എം.ഡി. ബാഹുലേയൻ, എം.എസ്. സുനിത, മായ ശിവദാൻസൻ, പ്രിൻസി ഫ്രാൻസീസ് എന്നിവരാണ് യോഗത്തിൽ പ്രതിഷേധിച്ചത്.