ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നവംബർ 10ന് ആരംഭിക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഒഫ് കേരള ജനറൽ മാനേജറാണ് നിർമ്മാണം ആരംഭിക്കുന്നതായി അറിയിച്ചതെന്ന് എം.എൽ.എ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും 33 കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. മേൽപ്പാലവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതിയും രൂപരേഖയും ചെന്നൈ ഐ.ഐ.ടി അംഗീകരിച്ചിട്ടുണ്ട്. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നതിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നവംബർ 4ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു.