ഇരിങ്ങാലക്കുട: തട്ടിപ്പിനെ തുടർന്ന് വിവാദത്തിലായ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാൾ കൂടി ജീവനൊടുക്കി. തളിയക്കോണം ആലപ്പാടൻ വീട്ടിൽ ലാസറിന്റെ മകൻ ജോസാണ് (62) വ്യാഴാഴ്ച പുലർച്ചെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. ഇവിടെ നിന്ന് വായ്പയെടുത്ത തേലപ്പിള്ളി സ്വദേശിയും മുൻ കൗൺസിലറുമായ മുകുന്ദൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
കൽപ്പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹത്തിനും വീടിന്റെ അറ്റക്കുറ്റപ്പണിക്കുമായി ആധാരം പണയപ്പെടുത്തി 2019ൽ 4,50,000 രൂപയാണ് വായ്പയെടുത്തത്. ഇതിൽ 4,19,929 രൂപ കുടിശികയാണ്. സാമ്പത്തിക പ്രയാസവും കൊവിഡിനെ തുടർന്നുള്ള തൊഴിലില്ലായ്മയും മൂലം 13 തവണ തിരിച്ചടവ് മുടങ്ങി.
കുടിശിക തീർക്കാനാവശ്യപ്പെട്ട് ഏപ്രിൽ 17ന് ബാങ്ക് നോട്ടീസയച്ചിരുന്നു. തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് തവണയായി 19,500 രൂപ തിരിച്ചടച്ചെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇതിന് ശേഷം നോട്ടീസ് അയച്ചിട്ടില്ലെന്നും അറിയിച്ചു. വായ്പ തിരിച്ചടയ്‌ക്കാനുള്ള ബുദ്ധിമുട്ടോർത്ത് ജോസ് മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഭാര്യ: ഫീലോമീന. മക്കൾ: ജോഫിന, ഫിൽജോ.
'കുടിശികയുള്ള എല്ലാവർക്കുമുള്ള കൂട്ടത്തിലാണ് ജോസിനും നോട്ടീസയച്ചത്. തിരിച്ചടയ്ക്കാൻ പ്രയാസമുള്ളതായി അറിയിച്ചിട്ടില്ല. ജപ്തി നടപടികളുടെ മുന്നോടിയായുള്ള ആർബിട്രേഷൻ, എക്‌സിക്യൂഷൻ നടപടികളും എടുത്തിട്ടില്ല".
- സെക്രട്ടറി ഇൻ ചാർജ്
കരുവന്നൂർ സഹകരണ ബാങ്ക്