congress

നവംബർ ഒന്ന് മുതൽ ഒരു വർഷത്തെ പരിപാടികളുമായി കോൺഗ്രസ്

തൃശൂർ: കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുവായൂർ സത്യഗ്രഹത്തിന്റെ ഒരു വർഷം നീളുന്ന 90-ാം വാർഷികാഘോഷങ്ങൾക്ക് നവംബർ ഒന്നിന് ഗുരുവായൂരിൽ തുടക്കമാകും. രാവിലെ 9.30ന് ഗുരുവായൂർ കിഴക്കേനടയിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ ഡോ.എം. ലീലാവതി നവതി ജ്യോതി തെളിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി നേതാക്കൾ എന്നിവർ പങ്കെടുക്കും. കാകിനടയിലെ എ.ഐ.സി.സി സമ്മേളനത്തിൽ കെ. കേളപ്പൻ അവതരിപ്പിച്ച് പാസാക്കിയ അയിത്തോച്ചാടന പ്രമേയത്തിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി ഗുരുവായൂർ സത്യഗ്രഹം സംഘടിപ്പിച്ചത്.

സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ എക്‌സിബിഷൻ ഉൾപ്പടെ നടത്തും. വാർത്താ സമ്മേളനത്തിൽ സുനിൽ അന്തിക്കാട്, അഡ്വ. ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, കെ. ഗോപാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.