തൃശൂർ: കഥകളിയാചാര്യൻ ഡോ. സദനം കൃഷ്ണൻ കുട്ടിയാശാന്റെ എൺപതാം പിറന്നാളാഘോഷമായ 'കൃഷ്ണ'നാദം മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാംഘട്ടം ഈ മാസം 31ന് ഇരിങ്ങാലക്കുടയിൽ നടക്കും. ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിന്റെ സഹകരണത്തോടെ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഒന്നാംഘട്ട ആഘോഷം സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന അനുമോദന യോഗം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അദ്ധ്യക്ഷനാകും.
രണ്ടാം ഘട്ടത്തിൽ ഡിസംബർ അഞ്ചിന് തിരുവല്ല ഡി.ടി.പി.സി ഓഡിറ്റോറിയത്തിലും ശ്രീവല്ലഭ ക്ഷേത്രാങ്കണത്തിലുമായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. കലാമണ്ഡലത്തിലാണ് മൂന്നാംഘട്ട ആഘോഷപരിപാടികൾ നടക്കുക. വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അപ്പുക്കുട്ടൻ സ്വരലയം, വൈസ് ചെയർമാൻ അനിയൻ മംഗലശ്ശേരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നന്ദകുമാർ ചെറമംഗലത്ത്, കെ.വി. ചന്ദ്രൻ, രമേശൻ നമ്പീശൻ എന്നിവർ പങ്കെടുത്തു.