കൊടുങ്ങല്ലൂർ: പുനർ നിർമ്മാണം നടക്കുന്ന ചേരമാൻ ജുമാ മസ്ജിദ് പൂർവിക തനിമ നിലനിറുത്തുന്ന ചരിത്ര നിർമ്മിതിയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി. ക്രിസ്തുവർഷം 629 ൽ പണികഴിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. കേരളീയ വാസ്തു ശിൽപകലയുടെ മാതൃകയിൽ മുമ്പുണ്ടായിരുന്ന രൂപം നിലനിറുത്തി ധാരാളം വിശ്വാസികൾക്ക് ഒരുമിച്ച് പ്രാർത്ഥന നടത്താനുള്ള സൗകര്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഡോ. അബ്ദുൽ ഹകീം അസ്ഹരിയെ ചേരമാൻ മഹല്ല് ഭാരവാഹികളായ ഡോ. കെ.എ അബ്ദുറഹ്മാൻ, കെ.എ അബ്ദുൾ കരീം, ടി.കെ ഹൈദ്രോസ്, എ.കെ നവാസ് ചേരമാൻ, മഹല്ല് അഡ്മിനിസ്‌ട്രേറ്റർ ഇ.ബി ഫൈസൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.