വടക്കാഞ്ചേരി: കേരളപ്പിറവി ദിനത്തിൽ വടക്കാഞ്ചേരി നഗരസഭയെ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കും. നവംബർ ഒന്നിന് രാവിലെ 10 മണിക്ക് ചാലിപ്പാടത്തുള്ള സർവീസ് സഹകരണ സംഘത്തിന്റെ കെ.പി.എൻ ഹാളിൽ നടി സുരഭി ലക്ഷ്മി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നിർവഹിക്കും. ആകെയുള്ള 41 ഡിവിഷനുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം നഗരസഭ നടത്തിക്കഴിഞ്ഞു. നഗരത്തിലെ ശുചിത്വവും മാലിന്യ സംസ്‌കരണവും ഉറപ്പാക്കാൻ നഗരസഭ ആരംഭിച്ച യജ്ഞമാണ് സർവശുദ്ധി പദ്ധതി. ഇതിന്റെ ഭാഗമായി ഹരിത കർമ്മസേന നഗരസഭയുടെ എല്ലാ ഡിവിഷനുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ചു വരുന്നു. മാലിന്യം ശേഖരിക്കാനും സംഭരിക്കാനും നഗരസഭ വിവിധ ശാസ്ത്രീയമായ സംസ്‌കരണ സംവിധാനങ്ങൾ ആകർഷമായ സബ്ബ്‌സിഡിയോടെ വീടുകളിലേക്ക് നൽകി വരുന്നു. 2200 രൂപ വില വരുന്ന ബയോബിൻ യൂണിറ്റ് 300 രൂപയ്ക്കും 1200 രൂപ വിലയുള്ള മണ്ണിര കമ്പോസ്റ്റ് 200 രൂപയ്ക്കും 13500 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റുകൾ 4050 രൂപക്കുമാണ് വീടുകളിലേക്ക് നൽകുന്നത്. കുമ്പളങ്ങാട് വർഷങ്ങൾക്ക് മുമ്പ് നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത് പുന: ചക്രമണം നടത്തി ബയോമൈനിംഗ് നടത്തും. വൈസ് ചെയർ പേഴ്‌സൺ ഷീല മോഹൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാഷൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ അനൂപ് കിഷോർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും ഹരിത കർമ്മസേനയുടെ പ്രവർത്തനം ഊർജിതമാക്കി പരമാവധി ശാസ്ത്രീയ ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കിയാണ് സമ്പൂർണ ശുചിത്വമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നത്.
പി.എൻ സുരേന്ദൻ
(ചെയർമാൻ, വടക്കാഞ്ചേരി നഗരസഭ)