കൊടുങ്ങല്ലൂർ: അഴീക്കോട് ഗവ. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ യു.ഡി.എഫ് പ്രതിനിധികളെ തഴഞ്ഞതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ സമിതിയിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർക്കും ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ, ഡോക്ടർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് പുറമെ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികളായി മൂന്ന് പേർ എന്നിവരാണ് അംഗങ്ങളാകേണ്ടത്.
എന്നാൽ ഇത്തവണ കമ്മിറ്റി പുന:സംഘടിപ്പിച്ചപ്പോൾ യു.ഡി.എഫിൽ നിന്നും ഒരാൾ പോലുമില്ലെന്നാണ് ആക്ഷേപം. അതേ സമയം ഇടത് മുന്നണിയിലെ മൂന്ന് കക്ഷികൾക്ക് പ്രാതിനിത്യം ലഭിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി നൗഷാദ് കറുകപ്പാടത്ത്, സി.പി.ഐ പ്രതിനിധി പി.എ അബ്ദുള്ള, കേരള കോൺഗ്രസ് മാണി വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ രവി എന്നിവരെയും, അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ കരുണാകരനെയുമാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കമ്മിറ്റിയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് പ്രതിനിധിയെ നീക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീറാണ് ഈ നീക്കത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പുന:സംഘടന സംബന്ധിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ അലി മുഹമ്മദ് പറഞ്ഞു. അധികാരമുപയോഗിച്ച് പൊതു കമ്മിറ്റികളിൽ നിന്ന് കോൺഗ്രസിനെ തഴയുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഇ.കെ അലി മുഹമ്മദ് മുന്നറിയിപ്പ് നൽകി.