jdksls

മരിച്ച ശ്രീജ.

കുന്നംകുളം: താലൂക്കാശുപത്രിയിൽ പ്രസവിച്ച് അമിത രക്തസ്രാവത്തെ തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വൈകുന്നതിൽ ആശങ്കയിലായി ശ്രീജയുടെ കുടുംബവും നാട്ടുകാരും. താലൂക്കാശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലമാണ് ചൂണ്ടൽ വെള്ളാടമ്പിൽ വിനോദ് ഭാര്യ ശ്രീജ (32)യ്ക്ക് പ്രസവ ശേഷം അമിത രക്തസ്രാവമുണ്ടായതെന്നും മരണത്തിന് കാരണമായതെന്നും നടപടി വേണമെന്നുമാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ശ്രീജ മരിച്ചത്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം വീട്ടിലേയ്ക്ക് പോകുകയും യുവതിക്ക് രക്ത സ്രാവം രൂക്ഷമായപ്പോൾ നിരവധി തവണ ആശുപത്രി ജീവനക്കാർ ഫോണിൽ വിളിച്ചിട്ടും ഡോക്ടർ കാൾ അറ്റൻഡ് ചെയ്യാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി നിർദ്ദേശിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ എത്തുന്ന ഡോക്ടർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം വീട്ടിൽ പോകുന്നത് പതിവാണെന്ന് ആശുപത്രി ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിയിലെത്തുന്ന ഗർഭിണികളുടെ ബന്ധുക്കളിൽ നിന്ന് സുഖ പ്രസവത്തിന് 2500 രൂപയും സിസേറിയന് 5000 രൂപയും ഇയാൾ കൈക്കൂലി വാങ്ങുന്നതായും നാട്ടുകാർ പറഞ്ഞു. ശ്രീജയുടെ ബന്ധുക്കളിൽ നിന്നും 2500 രൂപ ഇത്തരത്തിൽ ഡോക്ടർ കൈക്കൂലി വാങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. ഡോക്ടർ പരിശോധന നടത്തുന്ന വീട്ടിൽ കവറിലിട്ടാണ് തുക എത്തിച്ചത്. ശ്രീജ മരിച്ച അന്ന് മുതൽ ആരോപണവിധേയനായ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ശുപത്രിക്കുള്ളിൽ കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമാകുകയും മാദ്ധ്യമങ്ങൾ നിരന്തരം വാർത്ത നൽകുകയും ചെയ്തതോടെയാണ് കഴിഞ്ഞദിവസം ഡെപ്യൂട്ടി ഡി.എം.ഒ പ്രേം കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ ഈ പരിശോധനയും പ്രഹസനമാണെന്നാണ് നാട്ടുകാർ പറയുന്നത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ ഡെപ്യൂട്ടി ഡി.എം.ഒ തയ്യാറായില്ലെന്ന് മാത്രമല്ലാ ആരോപണവിധേയനായ ഡോക്ടറെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഡോക്ടർക്കെതിരെ നടപടി വരും വരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. നടപടി വരുംദിവസങ്ങളിലുമുണ്ടായില്ലെങ്കിൽ തുടർ സമരങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഒരുക്കത്തിലാണ് ആക്ഷൻ കൗൺസിലും ബി.ജെ.പിയും കോൺഗ്രസും.