കുന്നംകുളം: അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ പ്രധാന പെരുന്നാളായ മാർ ഓസിയോ താബസന്റെ ഓർമ്മപ്പെരുന്നാൾ ദിന ശുശ്രൂഷകൾ നടന്നു. രാവിലെ 7 ന് പ്രഭാത നമസ്‌ക്കാരവും തുടർന്ന് മലങ്കര സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാനയും നടന്നു. കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, മറ്റ് വൈദികർ എന്നിവർ സഹകാർമികരായി. ശേഷം കൊടിയും സ്ലീബായുമേന്തി പള്ളിക്ക് ചുറ്റും പ്രദക്ഷിണവും ആശിർവാദവുമുണ്ടായി. കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ആചാരനുഷ്ഠാനങ്ങൾക്ക് പ്രധാന്യം നൽകി കൊണ്ടാണ് ഇപ്രാവശ്യത്തെ പെരുന്നാൾ ആഘോഷിച്ചത്.