കൊടുങ്ങല്ലൂർ: നഗരസഭയിൽ എല്ലാ വാർഡുകളിലും ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് മേത്തല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കുടുംബശ്രീ വനിതാ ഒറിയന്റേഷൻ കൺവെൻഷൻ തീരുമാനിച്ചു. നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരണത്തിന്റെ പ്രഖ്യാപനം നടത്തും.
ഇപ്പോൾ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെടാത്ത 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള വനിതകൾക്കാണ് അംഗത്വം നൽകുക. ഒരു ഗ്രൂപ്പിൽ ചുരുങ്ങിയത് 20 അംഗങ്ങൾ ഉണ്ടാകണം. 50 അംഗങ്ങളിൽ കൂടാൻ പാടില്ല. ഇതിലെ വിദ്യാസമ്പന്നരായ വനിതകൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിലുകൾ ലഭിക്കാൻ പ്രാപ്തരാക്കും. സ്വയംസംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായങ്ങൾ നൽകും. സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെ ചെറുക്കാനും അത്മധൈര്യവും കരുത്തും നൽകുന്നതിന് വനിതകളെ ഈ ഗ്രൂപ്പിലൂടെ പ്രാപ്തരാക്കും.
കൺവെൻഷൻ നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് അദ്ധ്യക്ഷത വഹിച്ചു. ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ശാലിനി വെങ്കിടേഷ്, മല്ലിക സുദാസൻ, സിറ്റി മിഷൻ മാനേജർ മിനി ജോൺ, കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.