ചാലക്കുടി: കൂടപ്പുഴ മനക്കുളത്തിൽ മത്സ്യങ്ങൾ ചന്തു പൊന്തി. നൂറ് കണക്കിന് മത്സ്യങ്ങളാണ് വെള്ളിയാഴ്ച മുതൽ ചത്ത നിലയിൽ കാണപ്പെട്ടത്. റോഹു, മൃഗാൽ, കട്ട്‌ല തുടങ്ങിയവയ്ക്കാണ് ജീവഹാനി സംഭവിച്ചത്. കാരണം വ്യക്തമല്ലെങ്കിലും ഓക്‌സിജന്റെ കുറവാണെന്നാണ് ഫിഷറീസ് വകുപ്പുദ്യോഗസ്ഥർ പറയുന്നത്. സ്ഥിരീകരണത്തിനായി വെള്ളം പരിശോധനയ്ക്ക് ശേഖരിക്കുകയും ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭ നൂറ് കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സൂസി സുനിൽ പറഞ്ഞു.
രണ്ടും മൂന്നും കിലോ തൂക്കമുള്ള വലിയ മത്സ്യങ്ങൾ കുളത്തിന്റെ അടിയിൽ ചത്ത് കിടക്കുന്നുണ്ട്. അരയേക്കർ വിസ്തൃതിയുള്ള കുളത്തിൽ വ്യാപകമായി പായൽ നിറഞ്ഞിട്ടുണ്ട്. ഇവയുടെ അതിപ്രസരത്താൽ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടാകുമെന്ന് അക്കോ കൾച്ചർ പ്രമോട്ടർ റന്റീന വർഗീസ് പറയുന്നു. ചത്ത മത്സ്യങ്ങളെല്ലാം വായു ലഭിക്കാതെ വായ് തുറന്ന നിലയിലാണ്. വിഷാംശം ഉള്ളിൽ എത്തിയിട്ടുണ്ടെങ്കിൽ മത്സ്യങ്ങൾക്ക് കറുത്ത നിറമുണ്ടാകുമെന്നും റന്റീന വർഗീസ് വ്യക്തമാക്കി. നഗരസഭയുടെ അധീനതയിലുള്ള മനക്കുളത്തിൽ ഇതിന് മുമ്പും പലതവണ ഇത്തരത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തിരുന്നു. സ്ഥിരമായി ആമ്പൽ വളരുന്ന കുളമായിരുന്നെങ്കിലും പായലിന്റെ കടന്ന് കയറ്റത്തോടെ ഇവയെല്ലാം നശിച്ചുപോയി.