ഗുരുവായൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ ലോഡ്ജിൽ നിന്ന് വീടുകളിലേക്കുള്ള വഴിയിലേക്ക് മാലിനജലം ഒഴുക്കുന്നതായി പരാതി. ഇവിടെ താമസിക്കുന്ന നാല് വീട്ടുകാർക്ക് മലിന ജലത്തിൽ ചവിട്ടാതെ വീട്ടിൽ പോകാനാവാത്ത ദുരവസ്ഥയാണ്. സി.പി.എം നേതാവും മുൻ നഗരസഭാ വൈസ് ചെയർപേഴ്‌സണുമായ മഹിമ രാജേഷിന്റെത് അടക്കമുള്ള വീട്ടുകാർക്കാണ് ഈ ദുരിതം. രൂക്ഷമായ ദുർഗന്ധവും ഇവിടെ പരക്കുന്നുണ്ട്. മലിന ജലം ഒഴുക്കുന്നത് സംബന്ധിച്ച് മഹിമ രാജേഷ് ആഗസ്റ്റ് മാസത്തിൽ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പരാതി നൽകിയിട്ടും നടപടിയില്ലാത്ത സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ വെള്ളിയാഴ്ച ഉച്ചയോടെ നഗരസഭ സെക്രട്ടറിയും ഹെൽത്ത് സൂപ്പർവൈസറും സ്ഥലം സന്ദർശിച്ചു. മലിന ജലം തങ്ങളുടെ സ്ഥാപനത്തിൽ നിന്നല്ലെന്നായിരുന്നു ലോഡ്ജ് അധികൃതരുടെ വിശദീകരണം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് മലിന ജലം വരുന്നതെന്നാണ് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മാലിന്യം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു.