road-dilapidated-conditio
ചാവക്കാട് ആശുപത്രി കടവ് പാലം അപ്രോച്ച് റോഡ് തകർന്ന നിലയിൽ

ചാവക്കാട്: ചാവക്കാട് ആശുപത്രി കടവ് പാലം റോഡ് തകർന്ന് മാസങ്ങളായി ശോചനീയാവസ്ഥയിൽ. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ടാറും മെറ്റലും അടർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മണത്തല, തിരുവത്ര, എടക്കഴിയൂർ എന്നിവിടങ്ങളിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്കും ചാവക്കാട് നഗരത്തിലേക്കും എളുപ്പത്തിൽ എത്താവുന്ന മാർഗമാണിത്. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ നിന്നും ആശുപത്രി റോഡിൽ നിന്നും ഈ പാതയിലൂടെ എളുപ്പം യാത്ര ചെയ്യാം. ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളൊഴിച്ച് ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിൽ വലിയൊരു ഗർത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവത്ര സ്വദേശിയായ അദ്ധ്യാപിക കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ കുഴിയുടെ ആഴം വർദ്ധിച്ച് വരികയാണ്. തിരക്കേറിയ ചില ദിവസങ്ങളിൽ ഇതുവഴി കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഗർഭിണികളുൾപ്പെടെയുള്ള നിരവധി രോഗികൾ വളരെയധികം പ്രയാസപ്പെട്ടാണ് ഇതിലൂടെ കടന്ന് പോകുന്നത്. പലതവണ വാർഡ് കൗൺസിലറോടും അധികൃതരോടു പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് അപ്രോച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.