കൊടുങ്ങല്ലൂർ: നവംബർ ഒന്നിന് കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ അവരെ സ്വീകരിക്കാനൊരുങ്ങി കൊടുങ്ങല്ലൂരിലെ പെൺ പള്ളിക്കൂടം. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് സ്‌കൂളിലെ അദ്ധ്യാപകർ പി.ടി.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി നടത്തിവരുന്ന കളിമുറ്റം ഒരുക്കൽ പദ്ധതി പൂർത്തിയായ വേളയിലാണ് കുട്ടികളെ വരവേൽക്കാൻ ഗേൾസിലെ അദ്ധ്യാപകർ 'അരികിലെത്തുമ്പോൾ, അഴലകറ്റാൻ ' എന്ന ആശംസ സന്ദേശ പരിപാടിക്ക് തുടക്കമിട്ടത്.

പുതിയ സ്‌കൂളും ക്ലാസും ആദ്യമായി കാണാനും പഠിക്കാനും വരുന്ന ഒരോ കുട്ടിയേയും അദ്ധ്യാപകർ കുട്ടിയുടെ പേരും ആശംസാ സന്ദേശവും എഴുതിയ പുസ്തകം നൽകി സ്വാഗതം ചെയ്യും. സ്‌കൂൾ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിൽ പ്രധാനദ്ധ്യാപിക ലത ആശംസാ വാചകം എഴുതി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത, വാർഡ് മെമ്പർ സുമേഷ്, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് നോട്ട് ബുക്കിൽ ആശംസാ വാചകമെഴുതി. ഒരേ സമയം തന്നെ എല്ലാ ക്ലാസുകളിലും നടന്ന പ്രവർത്തനം വേറിട്ട അനുഭവമായി മാറി.