പാവറട്ടി: ഒന്നര വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ക്ലാസ് മുറികളിലെത്തുന്ന കുരുന്ന് മനസ്സുകളെ സ്വീകരിക്കാനായി എളവള്ളിയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പഞ്ചായത്തിലെ പ്രധാനാധ്യാപകരുടെ യോഗത്തിൽ വിദ്യാലയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്തിരുന്നു.
കളിമുറ്റമൊരുക്കാം പദ്ധതി ഭാഗമായി ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി സ്‌കൂൾ പരിസരങ്ങൾ നേരത്തെ വൃത്തിയാക്കിയിരുന്നു. കെട്ടിടങ്ങൾ പുതുതായി പെയിന്റിംഗ്, റിപ്പയറിംഗ് എന്നിവ നടത്തുന്നതിൽ മാനേജ്‌മെന്റ് കമ്മിറ്റികൾ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ശൗചാലയങ്ങൾ, ഭക്ഷണ നിർമ്മാണശാലകൾ എന്നിവിടങ്ങളിലെ ശുചിത്വവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സന്ദർശനം നടത്തിയിരുന്നു. ക്ലാസ് മുറി വൃത്തിയാക്കുന്നതിനും ഡെസ്‌ക്, ബെഞ്ച്, മറ്റ് ഫർണ്ണീച്ചറുകൾ കേടുപാടുകൾ തീർക്കുന്നതിനും പി.ടി.എ. കമ്മറ്റികളും രക്ഷിതാക്കളും ചേർന്ന് ശ്രമിച്ചിട്ടുണ്ട്. ക്ലാസ് മുറികളും സ്‌കൂൾ പരിസരവും അണുവിമുക്തമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആർ.ആർ.ടിമാരുടെ നേതൃത്വത്തിൽ ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റ് നൽകുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തളിക്കും. കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഗുളികകൾ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്തുവരുന്നുണ്ട്. ഓരോ സ്‌കൂളുകളിലേക്കും സാനിറ്റൈസർ, മാസ്‌ക്, തെർമൽ സ്‌കാനർ എന്നിവ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യും. പഞ്ചായത്തിലെ സ്‌കൂളുകളെല്ലാം പ്രസിഡന്റ് ജിയോഫോക്‌സ്, വികസന സമിതി ചെയർമാൻ കെ.ഡി വിഷ്ണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി മോഹനൻ എന്നിവർ സന്ദർശിച്ചു. സ്‌കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിതരണത്തിന് ആവശ്യമായ അരി വിതരണം പൂർത്തിയായിട്ടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് സ്‌കൂൾ തുറക്കുന്നതിനു മുമ്പ് അരി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതിജീവനത്തിന്റെ ഉത്സവം പഞ്ചായത്ത് തലത്തിൽ നവംബർ ഒന്നിന് പത്ത് മണിക്ക് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണഗോപാൽ ഉദ്ഘാടനം ചെയ്യും.