kerala-verma

തൃശൂർ: കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നവാഗതർക്ക് സ്വാഗതമാശംസിച്ച് എസ്.എഫ്.ഐ കേരളവർമ്മ കോളേജിൽ സ്ഥാപിച്ച ബോർഡിലെ അശ്ലീല ചിത്രീകരണത്തെ ചൊല്ലി വിവാദം. ആണും പെണ്ണും ഇഴുകിച്ചേർന്ന രീതിയിൽ പരസ്പരം ചുംബിക്കുന്ന കാരിക്കേച്ചറും അടിയിൽ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി എന്ന അടിക്കുറിപ്പോടെയാണ് ബോർഡ് വച്ചത്. ബോർഡിൽ എസ്.എഫ്.ഐയെന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് കോളേജ്. കാമ്പസിൽ എസ്.എഫ്.ഐ ഓഫീസിന് സമീപമാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

ലിംഗ വിമോചനമെന്ന ആശയമാണ് പങ്കുവയ്ക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യുവും സംഘപരിവാർ സംഘടനകളും രംഗത്തെത്തി. സ്ത്രീവിരുദ്ധവും ജനാധിപത്യത്തിലെ പൊതുമര്യാദകളുടെ ലംഘനവുമാണ് ബോർഡെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. തിങ്കളാഴ്ച്ച കോളേജിൽ സ്ഥാപിച്ച ബോർഡുകളുടെ ചിത്രം വ്യാഴാഴ്ച്ച മുതൽ നവമാദ്ധ്യമങ്ങളിൽ വിമർശിക്കപ്പെട്ടതോടെ എസ്.എഫ്.ഐ ജില്ലാ നേതൃത്വം ഇടപെട്ട് ബോർഡ് എടുത്തുമാറ്റാൻ നിർദ്ദേശം നൽകി. ശബരിമലയിലെ യുവതീ പ്രവേശന കാലത്ത് അയ്യപ്പനെ അപമാനിച്ചുവെന്ന വിധത്തിലും സരസ്വതിയെ അപമാനിച്ചുവെന്ന വിധത്തിലും ബോർഡുകൾ സ്ഥാപിച്ചുവെന്ന ആരോപണമുയർന്നിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എസ്.എഫ്.ഐ സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുകയാണ് ലൈംഗിക വിമോചന ആഹ്വാനവുമായി അശ്ലീലചിത്രം വരച്ച് നവാഗതരെ സ്വാഗതം ചെയ്യുന്നത് ശരിയായില്ല

മിഥുൻ മോഹൻ
കെ.എസ്.യു ജില്ലാ പ്രസിഡന്റ്

നാടിന്റെ സംസ്‌കാരത്തെ വികലമായി ചിത്രീകരിക്കുന്ന സമീപനമാണ് എസ്.എഫ്.ഐയിൽ നിന്നുണ്ടായത്.

എ.ബി.വി.പി
ജില്ലാ സമിതി

പ്രിൻസിപ്പൽ എടുത്തുമാറ്റാൻ നിർദ്ദേശിച്ചതനുസരിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ബോർഡ് മാറ്റുകയായിരുന്നു

വി. നന്ദകുമാർ
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌