ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി അടിപ്പാതയുടെ നിർമ്മാണത്തിന് തടസമാകുന്ന വൈദ്യുതി ലൈൻ ഭൂഗർഭ സംവിധാനത്തിലാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡിന് അടിയിലൂടെ പൈപ്പ് കടത്തി യു.ജി കേബിൾ വലിക്കുന്ന പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും. 3.5 മീറ്റർ ആഴത്തിലാണ് 18 ഇഞ്ച് വ്യാസത്തിൽ ദ്വാരമുണ്ടാക്കി പൈപ്പ് കടത്തിവിടുക. ഇതിലൂടെ ഗുണനിലവാരം കൂടിയ കേബിൾ വലിക്കും. തുടർന്ന്്് 11 കെ.വി വൈദ്യുതി റോഡിന്റെ പടിഞ്ഞാറെ ഭാഗത്തെത്തിക്കും. ഗുരുവായൂർ ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്പനി 21 ലക്ഷം രൂപ ചെലവിലാണ് ഭൂഗർഭ വൈദ്യുതി പ്രസരണത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഉപകരണങ്ങൾ നൽകുന്നതിന് 7 ലക്ഷം കെ.എസ്.ഇ.ബിയിലേക്ക് അടയ്ക്കുകയും ചെയ്തു. റോഡ് മുറിഞ്ഞ് പോകുന്ന 11 കെ.വി.വൈദ്യുതി ലൈൻ യു.ജി കേബിൾ മുഖേനയാക്കിയ ശേഷം ഇപ്പോൾ സ്തംഭനാവസ്ഥയിലായ അടിപ്പാതയുടെ നിർമ്മാണം പുനരാരംഭിക്കും.