rajesh

തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ 2019ലെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകമായി തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം തെരഞ്ഞെടുക്കപ്പെട്ടു.

ശിൽപ്പവും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുമാണ് അവാർഡ്. മികച്ച രണ്ടാമത്തെ നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ വേനലവധിയും വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായിയും തെരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം വക്കം ഷക്കീറിനാണ്. അമ്പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. വേനലവധി സംവിധാനം ചെയ്ത രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ. വേനലവധിയിലെ മികച്ച അഭിനയത്തിന് സജി മുരാടും ഇതിഹാസത്തിലെ അഭിനയത്തിന് സോബിയും മികച്ച നടനുള്ള പുരസ്‌കാരങ്ങൾ പങ്കിട്ടു. പിരപ്പൻകോട് സംഘ കേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക് എന്ന നാടകത്തിലെ അഭിനയത്തിന് എൻ.കെ. ശ്രീജ മികച്ച നടിയായി.

അശോക് ശശി (മികച്ച രണ്ടാമത്തെ സംവിധായകൻ, ഇതിഹാസം), മഞ്ജു റെജി (കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ), ഗ്രീഷ്മ ഉദയ (ഇതിഹാസം)- മികച്ച രണ്ടാമത്തെ നടി, ബിജു ദയാനന്ദൻ (മികച്ച രണ്ടാമത്തെ നടൻ, പാട്ടുപാടുന്ന വെള്ളായി), ഹേമന്ത് കുമാർ (വേനലവധി), ഫ്രാൻസിസ്.ടി. മാവേലിക്കര( മക്കളുടെ ശ്രദ്ധയ്ക്ക്)- മികച്ച നാടകകൃത്ത്, അശോക് ശശി (രണ്ടാമത്തെ നാടകകൃത്ത്, ഇതിഹാസം), സാബു കലാഭവൻ (ഗായകൻ, ഭൊലാറാം), വൈക്കം വിജയലക്ഷ്മി (ഗായിക, കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും), അനിൽ.എം. അർജ്ജുൻ (സംഗീത സംവിധായകൻ, ഇതിഹാസം), കരിവള്ളൂർ മുരളി (ഗാനരചയിതാവ്, അമ്മ), ആർട്ടിസ്റ്റ് സുജാതൻ (രംഗപടം, വിവിധ നാടകങ്ങൾ), രാജേഷ് ഇരുളം (മികച്ച ദീപവിതാനം, വേനലവധി), വക്കം മാഹിൻ (വസ്ത്രാലങ്കാരം, ഇതിഹാസം) എന്നിവരും പുരസ്കാരങ്ങൾ കരസ്ഥമാക്കി. കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും നാടകത്തിലെ അഭിനയത്തിന് ശിവകാമി തിരുമനയും ഭൊലാറാമിലെ അഭിനയത്തിന് നന്ദിപ്രകാശും സ്‌പെഷ്യൽ ജൂറി അവാഡ് കരസ്ഥമാക്കി.

25 മുതൽ 29 വരെ തൃശൂർ സംഗീതനാടക അക്കാഡമി കെ.ടി. മുഹമ്മദ് സ്മാരക ഹാളിലാണ് നാടകങ്ങൾ അരങ്ങേറിയത്. അവതരിപ്പിച്ച 10 നാടകങ്ങളിൽ നിന്ന് വിക്രമൻനായർ ജൂറി ചെയർമാനും സേവ്യർ പുൽപ്പാട്ട്, ചന്ദ്രശേഖരൻ തിക്കൊടി, ബാബു പറശ്ശേരി, ഡോ. ബിയാട്രിസ് അലക്‌സ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.