ഗുരുവായൂർ: ഗുരുവായൂർ സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ, പാവറട്ടി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് നവതി ജ്യോതി പദയാത്ര നടത്തുമെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അറിയിച്ചു. ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര മുതുവട്ടൂരിൽ നിന്നും പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര ചൊവ്വല്ലൂർപടി സെന്ററിൽ നിന്നും വടക്കേകാട് ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര മമ്മിയൂർ സെന്ററിൽ നിന്നും രാവിലെ 9 ന് ആരംഭിക്കും. പദയാത്രകൾ കിഴക്കെനടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരുന്ന ശേഷം നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി ഡോ. എം ലീലാവതി ടീച്ചർ നവതി ജ്യോതി തെളിയിക്കും. എം.പിമാർ, എം.എൽ.എമാർ ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഗുരുവായൂർ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ അനുമോദിക്കും.