കുന്നംകുളം: നല്ല വീട്, നല്ല നഗരം പദ്ധതിയിലൂടെ ശുചിത്വ മാലിന്യ സംസ്‌കരണ ഉപാധികൾ നൂറ് ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് സമ്പൂർണ ശുചിത്വ പദവി നേടിയ കുന്നംകുളം നഗരസഭ രണ്ടാംഘട്ട ശുചിത്വ പ്രവർത്തനത്തിന് മുഖ്യമായും തിരഞ്ഞെടുക്കുന്നത് നഗര സൗന്ദര്യവത്ക്കരണം. മുൻനിര സൗന്ദര്യ നഗരമാക്കി കുന്നംകുളത്തെ മാറ്റുന്ന പദ്ധതി ഉടൻ ആരംഭിക്കും. നല്ല വീട് നല്ല നഗരം 2.0 എന്നാണ് പദ്ധതിയുടെ പേര്.
കുന്നംകുളത്ത് ശുചിത്വ ടൂറിസത്തിന്റെ സാദ്ധ്യത വികസിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന പദ്ധതിക്കായി കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാമിൽ നിന്നും 9.1 കോടി രൂപ വിനിയോഗിക്കും.
റോഡുകളിലെ നടപ്പാതകൾ മനോഹരമാക്കൽ, നഗര കെട്ടിടങ്ങളിലും പൊതു കെട്ടിടങ്ങളിലും ചുമർ ചിത്രങ്ങൾ വരയ്ക്കൽ, വിവിധയിടങ്ങളിൽ മരം, ഔഷധ സസ്യങ്ങൾ നട്ട് പിടിപ്പിക്കൽ, കച്ചവട സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക സംവിധാനം ഒരുക്കൽ എന്നിവയാണ് രണ്ടാംഘട്ട ശുചിത്വ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നഗര സൗന്ദര്യവത്ക്കരണത്തെ സംരക്ഷിച്ച് നിലനിർത്താൻ തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക അംഗങ്ങൾക്ക് പരിശീലനവും നൽകും.
37 വാർഡുകളിലും മാലിന്യ സംസ്‌കരണ യജ്ഞം പൂർത്തിയായതോടെ നവംബർ 15 നുള്ളിൽ സമ്പൂർണ ശുചിത്വ നഗരസഭ പ്രഖ്യാപനം നടത്തുമെന്ന് നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ അറിയിച്ചു.
2021 ഫെബ്രുവരി 6 ന് തുടങ്ങിയ നല്ല വീട്, നല്ല നഗരം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വീടുകളിലും സ്ഥാപനങ്ങളിലും ഡിജിറ്റൽ സാങ്കേതിക വിദ്യയോടെയാണ് ശുചിത്വ സർവേ നടത്തിയത്. സ്വച്ഛ് ഭാരത മിഷൻ വഴിയാണ് പദ്ധതിയ്ക്കാവശ്യമായ 2,29,60,800 രൂപ നഗരസഭ കണ്ടെത്തിയത്. ഈയിനത്തിൽ നഗരസഭ 95,74,653 രൂപയും വകയിരുത്തി. പദ്ധതി നടത്തിപ്പിന്റെ സാങ്കേതിക മേൽനോട്ടം വഹിച്ചതും ഉപകരണങ്ങൾ വിതരണം ചെയ്തതും പാലക്കാട് ഐ.ആർ.ടി.സി യാണ്.
മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് ആവശ്യമായ ബയോഡൈജസ്റ്റർ ബിൻ, ബയോഗ്യാസ് പ്ലാന്റ് മുതലായവ നഗരസഭയിലെ വാർഡുകളിലെ മുഴുവൻ വീടുകളിലും സ്ഥാപിക്കുകയായിരുന്നു പദ്ധതിയുടെ ഒന്നാംഘട്ട ലക്ഷ്യം. നഗരസഭയിലെ 37 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മാലിന്യം സംസ്‌കരിക്കൂ, പണം നേടൂ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ച് മുഴുവൻ ആളുകളെയും ഈ പരിപാടിയിൽ പങ്കാളികളാക്കുന്ന പദ്ധതിയും നഗരസഭ തുടരും.