ചാലക്കുടി: സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മാലിന്യ സംസ്‌കരണ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കാൻ ചാലക്കുടി നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് വി.ഒ പൈലപ്പൻ നേതൃത്വം നൽകുന്ന ഭരണസമിതി. വാർഡുകളിലെ മുഴുവൻ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് കേരളപിറവി ദിനമായ നവംബർ 1ന് തുടക്കം കുറിക്കും. ഹരിത കർമ്മ സേന വഴിയാണ് വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത്. പദ്ധതിക്കായി പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ഹരിത ശലഭങ്ങൾ എന്നും നാമകരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് പോട്ടയിൽ ബെന്നി ബെഹ്‌നാൻ എം.പി നിർവഹിക്കും.
പദ്ധതിപ്രകാരം പുതുതായി ഉൾപ്പെടുത്തിയ അംഗങ്ങളടക്കം 51 വനിതകൾ നിരത്തിലിറങ്ങും. നാലോ അഞ്ചോ സംഘങ്ങളായി തിരിഞ്ഞ്്് വാർഡുകളിലെ മുഴുവൻ വീടുകളിൽ നിന്നും ഒരു ദിവസംകൊണ്ട് അജൈവ മാലിന്യങ്ങൾ ശേഖരിക്കും. നിശ്ചിത കേന്ദ്രങ്ങളിൽ വച്ച് വേർതിരിക്കുന്ന ഇവ നഗരസഭയുടെ വാഹനങ്ങളിൽ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. സംഘങ്ങളുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും. ഒരു വാർഡിൽ ഒരു ദിവസം എന്ന ക്രമത്തിലായിരിക്കും ഹരിത സേനയുടെ പ്രവർത്തനം. മാലിന്യ ശേഖരണത്തിന്റെ വിവരങ്ങൾ വാർഡുകളിൽ തലേ ദിവസം മൈക്കിലൂടെ അറിയിക്കും. പദ്ധതിയിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന വീട്ടുകാർക്ക് ഇനിമുതൽ നഗരസഭയുടെ സേവനം ലഭിക്കില്ല.
ചാലക്കുടിയെ നവംബർ 30നകം സമ്പൂർണ ശുചിത്വ നഗരസഭയാക്കുകയാണ് ലക്ഷ്യം.
വി.ഒ.പൈലപ്പൻ (ചെയർമാൻ)
സംസ്ഥാന സർക്കാർ നിശ്ചയിച്ച 50 രൂപയിൽ നിന്നും പത്ത് രൂപ കുറച്ചാണ് വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്.കെ.വി പോൾ
(ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)